Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവയലറ്റിൽ സുന്ദരിയായി...

വയലറ്റിൽ സുന്ദരിയായി അബഹ; അസീർ മലനിരകളിൽ ജക്രാന്ത വസന്തം

text_fields
bookmark_border
വയലറ്റിൽ സുന്ദരിയായി അബഹ; അസീർ മലനിരകളിൽ ജക്രാന്ത വസന്തം
cancel
camera_alt

അബഹ നഗര തെരുവുകളിൽ ജക്രാന്ത പൂത്തപ്പോൾ

അബഹ: സൗദി അറേബ്യയുടെ വിനോദസഞ്ചാര ഭൂപടത്തിലെ വിസ്മയമായ അബഹ നഗരം വീണ്ടും ധൂമ്രവർണപ്പട്ടുടുത്തു. വസന്തകാലത്തിന് വിടചൊല്ലി വേനലിനെ വരവേൽക്കുന്ന ഈ ദിനങ്ങളിൽ നഗരവീഥികളെ നീലലോഹിത വർണത്തിൽ മുക്കി ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നത് പ്രവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ മനോഹരമായ കാഴ്ചയാകുന്നു.

മാന്ത്രിക സ്പർശം

സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിൽ സരവാത്ത് പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന അബഹ, വർഷം മുഴുവൻ മിതമായ കാലാവസ്ഥയാൽ അനുഗൃഹീതമാണ്. എന്നാൽ ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുന്ന ജക്രാന്ത പൂക്കാലം നഗരത്തെ ഒരു മാന്ത്രിക ലോകമാക്കി മാറ്റുന്നു. ബിഗ്നോണിയേസി സസ്യകുടുംബത്തിൽപ്പെട്ട, ദക്ഷിണ അമേരിക്കൻ വംശജനായ ഈ വൃക്ഷം ചുരുങ്ങിയ കാലം കൊണ്ട് അബഹയുടെ അടയാളമായി മാറിക്കഴിഞ്ഞു. ഏകദേശം 18 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരങ്ങൾ, കുടവിരിച്ചു നിൽക്കുന്ന ശിഖരങ്ങളിൽ ധൂമ്രവർണ്ണ പൂക്കൾ നിറച്ചു നിൽക്കുന്നത് നഗരത്തിന് രാജകീയ പ്രൗഢി നൽകുന്നു.

ഹരിതാഭമായ അസീർ

സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായുള്ള ഹരിതവൽക്കരണത്തിന് ജക്രാന്ത മരങ്ങൾ വലിയ സംഭാവനയാണ് നൽകുന്നത്. നിലവിൽ അബഹ നഗരത്തിൽ മാത്രം 14,000-ത്തിലധികം മരങ്ങളുണ്ട്. അസീർ പ്രവിശ്യയിലാകെ ഇവയുടെ എണ്ണം 25,000 കടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമുള്ളതും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്താത്ത വേരുകളുള്ളതും ഇവയെ നഗരവൽക്കരണത്തിന് ഏറ്റവും അനുയോജ്യമായ വൃക്ഷമാക്കുന്നു.

പൂത്തുലയും തെരുവ്​

സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ 'ആർട്ട് സ്ട്രീറ്റ്' (ഫൻ സ്ട്രീറ്റ്) ഇപ്പോൾ ജക്രാന്ത പൂക്കളുടെ ഒരു കടലായി മാറിയിരിക്കുകയാണ്. കിംഗ് ഖാലിദ് റോഡിന് സമീപമുള്ള ഈ തെരുവ്, ഇരട്ടനിരയായി നിൽക്കുന്ന മരങ്ങളാൽ ഒരു ധൂമ്രവർണ്ണ തുരങ്കം പോലെ തോന്നിപ്പിക്കും. പെയ്തിറങ്ങുന്ന വസന്തകാല മഴയിൽ ഈ പൂക്കൾ പൊഴിച്ചുവെക്കുന്ന സുഗന്ധം നഗരത്തിന് പുത്തൻ ഉന്മേഷം പകരുന്നു. രാത്രികാലങ്ങളിൽ വർണ്ണക്കുടകളും ദീപാലങ്കാരങ്ങളും കൂടി ചേരുന്നതോടെ ആർട്ട് സ്ട്രീറ്റിലെ കാഴ്ചകൾ അതീവ സുന്ദരമാകുന്നു.

സഞ്ചാരികളുടെ പ്രിയങ്കരം

മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ താപനില 19 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായി നിലനിൽക്കുന്നത് പൂക്കളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു. എട്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ പുഷ്പകാലം ആസ്വദിക്കാൻ അയൽരാജ്യങ്ങളിൽ നിന്നുപോലും നിരവധി സഞ്ചാരികളാണ് അബഹയിലെത്തുന്നത്. ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി സ്നേഹികൾക്കും ഒരു ദൃശ്യവിരുന്നൊരുക്കുന്ന അബഹയിലെ ജക്രാന്ത വസന്തം, സൗദി അറേബ്യയുടെ ടൂറിസം മേഖലയിലെ സുസ്ഥിരമായ വളർച്ചയുടെ കൂടി പ്രതീകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abhaSaudi Arabiajacaranda treesspring timeTourism NewsAsir Mountains
News Summary - Abha looks stunning in violet; Jacaranda spring arrives in the Asir mountains
Next Story