ജകരണ്ട പൂത്തുമലർന്നു, പർപ്പിൾ മഴയിൽ കുളിച്ച് അബഹ
text_fieldsഅബഹയിലെ തെരുവുകളിലും പാർക്കുകളിലും ജകരണ്ട പൂത്തപ്പോൾ
അബഹ: ജകരണ്ട പൂക്കളുടെ നീലലോഹിത നിറമണിഞ്ഞ് അബഹ. അറേബ്യൻ പർവതങ്ങളുടെ മഞ്ഞുരാജ്ഞി എന്നറിയപ്പെടുന്ന സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന അബഹ നഗരത്തിലാകെ ജകരണ്ടകൾ പൂത്തുമലർന്നിരിക്കുകയാണ്.
എവിടെ നോക്കിയാലും പർപ്പിൾ പട്ടണിഞ്ഞ പോലുള്ള കാഴ്ചകളാണ്. മരുഭൂമിയുടെ നാടായ സൗദിയുടെ ഇതര ഭാഗങ്ങൾ വേനൽ ചൂടിൽ തിളക്കുേമ്പാഴും നല്ല തണുത്ത കാലാവസ്ഥയും പച്ചപ്പുമായി സഞ്ചാരികളെ ചേർത്തിണയ്ക്കാറുണ്ട് ഭൂമിയിലെ ഈ സ്വർഗം. വസന്തകാലമാകുേമ്പാൾ ജകരണ്ട മരങ്ങൾ പൂക്കൂക കൂടി ചെയ്യുന്നതോടെ അബഹ ഒരു പർപ്പിൾ സ്വപ്നലോകമായി മാറുന്നു.
അത്തരം ഒരു ജകരണ്ട സൗന്ദര്യത്തിന്റെ സാക്ഷാത്കാരമാണ് വീണ്ടും ഇപ്പോൾ അബഹയിൽ. ദക്ഷിണ അമേരിക്കൻ ഭാഗങ്ങൾ ജന്മദേശമായ ജകരണ്ട മരങ്ങൾ അബഹയിലും കാലങ്ങൾക്ക് മുേമ്പ എത്തി എല്ലാ വസന്തകാലത്തും പൂവിടുന്നു. തെരുവുകളെയും പാർക്കുകളെയും അലങ്കരിക്കുന്ന ഈ മരങ്ങൾ അബഹയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു.
ഇളം നീല നിറത്തിലുള്ള പൂക്കൾ കൊഴിയുേമ്പാൾ നിലമാകെ പർപ്പിൾ പരവതാനി വിരിച്ചതുപോലെ മാന്തളിർ നിറമാർന്ന് കാന്തിപരത്തും. നഗരം പ്രകൃതിയുടെ ഒരു ചിത്രശാലയായി മാറുന്നു. സാധാരണയായി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പൂക്കാൻ തുടങ്ങുന്ന ഇവ, മേയ് വരെയുള്ള കാലത്ത് അബഹയുടെ ശീതളമായ കാലാവസ്ഥയിൽ (20-25 ഡിഗ്രി സെൽഷ്യസ്) പൂർണമായി പുഷ്പിക്കുന്നു.
ജകരണ്ട പൂക്കാലം അബഹയുടെ വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. അബഹ ടൗൺ, എയർപോർട്ട്, അൽ സൗദ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഈ മരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
ഇവിടെയുള്ളവർ ഇങ്ങനെ ജകരണ്ട പൂത്തുമലർന്നുകിടക്കുന്നതിനെ ‘പർപ്പിൾ മഴ’ (Purple Rain) എന്നു വിളിക്കുന്നു. മരുഭൂമിയുടെ നടുവിൽ ഒരു പൂങ്കാവനം കാണുന്നത് അവിശ്വസനീയമായ അനുഭവമാണെന്ന് ഇവിടെ എത്തുന്ന സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു.
ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി പ്രേമികൾക്കും ഈ കാലയളവ് സുവർണാവസരമാണ്. അബഹയുടെ പർവതവീഥികളിൽ നടക്കുമ്പോൾ പൂവിട്ട ജകരണ്ടയുടെ നിഴലിലൂടെയുള്ള യാത്ര അമൂർത്തമായ സൗന്ദര്യം നൽകുന്നു.
സാംസ്കാരികമായി, ഈ പൂക്കാലം സമാധാനത്തിന്റെയും പുനർജനനത്തിന്റെയും സൂചകമായി കാണപ്പെടുന്നു.
ഇത്തരം കാഴ്ചകൾ കണ്ട് മനസ്സ് കുളിർക്കണമെങ്കിൽ ഇപ്പോൾ അബഹക്ക് പോന്നോളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

