മിനായില്‍ അബീര്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
text_fieldsമിനായിൽ പ്രവർത്തനം ആരംഭിച്ച അബീർ ക്ലിനിക്
ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആതുരസേവനവുമായി ഇക്കുറിയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മിനായില്‍. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ അര്‍ജൻറ് മെഡിക്കല്‍ കെയര്‍ ക്ലിനിക് മിനായില്‍ തിങ്കളാഴ്ച രാത്രി പ്രവര്‍ത്തനമാരംഭിച്ചു. മിനായില്‍ 520ാം നമ്പര്‍ സ്ട്രീറ്റില്‍ 5505 നമ്പര്‍ ടെൻറിലാണ് അബീര്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരുടേയും നഴ്സിങ്, പാരമെഡിക്കല്‍, ഫാര്‍മസി സ്റ്റാഫിന്റെയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് അബീര്‍ മാനേജ്മെൻറ് അറിയിച്ചു.
ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന തീര്‍ഥാടകര്‍ക്ക് അബീറിന്റെ മക്കയിലെ സൗദി നാഷനല്‍ ആശുപത്രിയിൽ സൗകര്യമൊരുക്കും. ആരോഗ്യ, ഹജ്ജ് മന്ത്രാലയ പ്രതിനിധികള്‍ ക്ലിനിക് സന്ദര്‍ശിച്ച് സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ഹാജിമാര്‍ മിനാ വിടുന്നതുവരെ ക്ലിനിക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കഴിഞ്ഞ കൊല്ലത്തെപ്പോലെ ഇത്തവണയും തീര്‍ഥാടകര്‍ക്ക് കാലാവസ്ഥയായിരിക്കും മുഖ്യവെല്ലുവിളിയാകുക.
ഹജ്ജ് ദിനങ്ങളില്‍ താപനില കൂടുതലായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കടുത്ത ചൂടു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് അബീര്‍ ക്ലിനിക്കില്‍ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹീറ്റ് സ്ട്രോക്, നിര്‍ജലീകരണം, പരിക്കുകള്‍, ശ്വാസതടസ്സം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പനി, തളര്‍ച്ച, അമിത രക്തസമ്മര്‍ദം, ആസ്തമ, ശരീരവേദന, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം ലഭ്യമാക്കും.
കഴിഞ്ഞ ഹജ്ജ് കാലത്തും മിനായില്‍ അബീര്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആയിരക്കണക്കിന് തീര്‍ഥാടകരാണ് അന്ന് സേവനം പ്രയോജനപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മിനായില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡൻറ് മുഹമ്മദ് ആലുങ്ങല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

