അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025; ചാംസ് സബീൻ എഫ്.സി, റീം റിയൽ കേരള എഫ്.സി മത്സരം വെള്ളിയാഴ്ച
text_fieldsജിദ്ദയിൽ ആറാമത് അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025 സൂപ്പർ ലീഗ് മത്സരത്തിൽ നിന്ന്
ജിദ്ദ: ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ് അൽ റുസൂഫ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന ആറാമത് 'അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025'ലെ കഴിഞ്ഞ ആഴ്ച നടന്ന മത്സരങ്ങളിൽ സൂപ്പർ ലീഗിൽ എൻകംഫർട് എ.സി.സി എ ടീമിനും, ബി ഡിവിഷനിൽ റീം യാസ് എഫ്.സിക്കും വെൽകണക്ട് ഫ്രണ്ട്‌സ് ജിദ്ദക്കും ജയം. വെറ്ററൻസ് വിഭാഗം സെമിഫൈനൽ മത്സരത്തിൽ സമ ഫുട്ബാൾ ലവേഴ്‌സ് എഫ്.സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അനാലിറ്റിക്‌സ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി സീനിയേഴ്‌സ് ഫൈനലിൽ പ്രവേശിച്ചു. സഹീർ പുത്തൻ, മുഹമ്മദ് ഷിഹാബ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സീനിയേഴ്സിന് ഗോളുകൾ സ്കോർ ചെയ്തത്. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാസ്റ്റേഴ്‌സ് സീനിയേഴ്സിന്റെ മുഹമ്മദ് ശിഹാബിന് സിഫ് ടെക്‌നിക്കൽ ടീം അംഗം കെ.സി ബഷീർ ചേലേമ്പ്ര പുരസ്‌കാരം സമ്മാനിച്ചു.
ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ റീം യാസ് എഫ്.സി എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്ലൂ സ്റ്റാർ ബിയെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു. ജംഷീർ, മുഹമ്മദ് ഷാഹിദ്, ഷാജഹാൻ എന്നിവർ ഗോളുകൾ നേടി. യാസ് എഫ്.സിയുടെ ജംഷീർ ആണ് മത്സരത്തിലെ മികച്ച കളിക്കാരൻ. ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ വെൽകണക്ട് ഫ്രണ്ട്‌സ് ജിദ്ദ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ഗർണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ് നെ പരാജയപ്പെടുത്തി രണ്ടാം ജയത്തോടെ സെമിഫൈനൽ ഉറപ്പിച്ചു. ഫ്രണ്ട്‌സ് ജിദ്ദയുടെ മജീഷ് മണികണ്ഠൻ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. സിഫ് വൈസ് പ്രസിഡന്റ് നിസാം പാപ്പറ്റ, മാധ്യമ പ്രവർത്തകൻ ജലീൽ കണ്ണമംഗലം എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
സിഫ് ഫുട്ബോളിലെ അതികായകർ ഏറ്റുമുട്ടിയ എ ഡിവിഷൻ സൂപ്പർ പോരാട്ടത്തിൽ എൻകംഫർട് എ.സി.സി എ ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ പരാജയപ്പെടുത്തി. എൻകംഫർട് എ.സി.സിയുടെ ആസിഫ് ചെറുകുന്നനാണ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. 'ഗൾഫ് മാധ്യമം' മാർക്കറ്റിംഗ് മാനേജർ നിഷാദ് അബ്ദുൽ ഗഫൂർ മാൻ ഓഫ് ദ മാച്ചിനുള്ള വിജയ് മസാല അവാർഡും ഷീര ലാത്തീൻ പുരസ്‌കാരങ്ങളും സമ്മാനിച്ചു. കാണികൾക്കായുള്ള നറുക്കെടുപ്പിലെ വിജയിക്കുള്ള 32 ഇഞ്ച് എൽ.ഇ.ഡി ടെലിവിഷൻ എൻകംഫർട് എം.ഡി ലത്തീഫ് പെരിന്തൽമണ്ണ സമ്മാനിച്ചു. ടൂർണമെന്റിൽ മുഖ്യാഥിതിയായിരുന്ന കെ.പി.സി.സി അംഗം ആദം മുൽസി, കെ.ടി.എ മുനീർ, ലത്തീഫ് മമ്പാട്, സുൾഫിക്കർ ചാത്തോലി, സിഫ് ജോയിന്റ് സെക്രട്ടറി കെ.സി മൻസൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ടൂർണമെന്റിന്റെ നാലാം ദിവസമായ അടുത്ത വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ആദ്യ മത്സരത്തിൽ അണ്ടർ 17 ജൂനിയർ വിഭാഗത്തിൽ ടാലന്റ്റ് ടീൻസ് അക്കാഡമി സ്പോർട്ടിങ് യൂനൈറ്റഡുമായി ഏറ്റുമുട്ടും. ബി ഡിവിഷൻ മത്സരങ്ങളിൽ ഡെക്സോ പാക്ക് ന്യൂ കാസിൽ എഫ് സി - അറബ് ഡ്രീംസ് എ.സി.സി ബി ടീമുമായും, വിജയ് മസാല ബി.എഫ്.സി ബ്ലൂസ്റ്റാർ സീനിയേഴ്സ് - ക്സൈക്ളോൺ മൊബൈൽ ആക്‌സസറീസ് ഐ.ടി സോക്കറുമായും ഏറ്റുമുട്ടും. സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ സിഫ് ഫുട്ബാളിലെ വൻശക്തികളായ ചാംസ് സബീൻ എഫ്.സിയും റീം റിയൽ കേരള എഫ്.സിയും ഏറ്റുമുട്ടുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

