നാല് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് അബ്ദുറഹ്മാൻ കുന്നുമ്മൽ മടങ്ങുന്നു
text_fieldsഖുൻഫുദ: ഖുൻഫുദയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറസാനിദ്ധ്യമായിരുന്ന അബ്ദുറഹ്മാൻ കുന്നുമ്മൽ 41 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാടണയുന്നു. സൗദിയിൽ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്ത ഇദ്ദേഹം കഴിഞ്ഞ 17 വർഷങ്ങളായി ഖുൻഫുദ അൽഹാഷ്മി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
1980ൽ എം.വി. അക്ബറി എന്ന ഹജ്ജ് കപ്പലിൽ തന്‍റെ 17ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി ജിദ്ദയിലെത്തുന്നത്. മക്കാ മുനിസിപ്പാലിറ്റിയിൽ മാസങ്ങൾ ജോലി ചെയ്ത് തിരിച്ച് ആ വർഷത്തെ അവസാനത്തെ കപ്പലിൽ നാട്ടിലേക്ക് തിരിച്ചു. അടുത്ത വർഷം വീണ്ടും വിസയിൽ ജോലിക്കെത്തിയ ഇദ്ദേഹം ബക് ഷ് ആശുപത്രിയിലും മറ്റു ജിദ്ദയിലും മക്കയിലുമുള്ള വിവിധ കമ്പനികളിൽ ജോലി ചെയ്തു.
ഇതിനിടക്ക് ജീസാനിലും ഫറസാൻ ദ്വീപിലുമൊക്കെയായി വീഡിയോ ലൈബ്രറി, വീഡിയോ ഡിസ്ട്രിബ്യൂഷൻ, റെസ്റ്റോറന്‍റ്, ഗിഫ്റ്റ് ഷോപ്പ് തുടങ്ങിയ ചെറിയ സംരംഭങ്ങൾ നടത്തിയിരുന്നു. ഖുൻഫുദയിൽ നിന്നും മുൻകാലത്ത് 'ഗൾഫ് മാധ്യമ'ത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന ഇദ്ദേഹം പ്രദേശത്ത് പ്രവാസി അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുന്നതിൽ മുഖ്യ നേതൃത്വം വഹിച്ചിരുന്നു.
പ്രവാസി സാംസ്കാരിക വേദി, തനിമ സംഘനകളിലും പ്രവർത്തിച്ചു വരികയാണ്. മലപ്പുറം കൊണ്ടോട്ടി ചിറയിൽ ചുങ്കം സ്വദേശിയാണ് 58 വയസുകാരനായ അബ്ദുറഹ്മാൻ കുന്നുമ്മൽ. മൊബൈൽ: 0507376369.