പാതി തളർന്ന ജീവിതവുമായി അബ്ദുൽകരീം മടങ്ങി
text_fieldsറിയാദ്: രോഗം പാതി തളർത്തിയ ജീവിതവുമായി അബ്ദുൽകരീം മടങ്ങി. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശിയായ ഇദ്ദേഹം സാമൂഹികപ്രവർത്തകരുടെ സഹായത്തോടെയാണ് അഞ്ചുവർഷത്തിനുശേഷം നാടണഞ്ഞത്. 21 വർഷമായി റിയാദിലെ സ്വകാര്യ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. തൊഴിലുടമയുടെ മരണത്തെ തുടർന്നുള്ള നിയമപ്രശ്നങ്ങളാൽ ഇഖാമ പുതുക്കാത്തതാണ് അഞ്ചുവർഷത്തിനിടെ നാട്ടിലേക്കുള്ള വഴിയിൽ കടമ്പ തീർത്തത്. അതിനിടയിൽ രോഗം പിടിപെട്ടത് കൂടുതൽ ദുരിതക്കയത്തിലാക്കി.
ജൂലൈ 10ന് പക്ഷാഘാതം പിടിപെട്ട് റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് സാമൂഹികപ്രവർത്തകരെത്തി റിയാദിലെ അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ഇഖാമ പുതുക്കാത്തതിനാൽ ഇൻഷുറൻസുണ്ടായിരുന്നില്ല. ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തിൽ സാമൂഹികപ്രവർത്തകർ കമ്പനി മാനേജറുമായി സംസാരിച്ച് വേഗത്തിൽ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കിയതിനാൽ ആശുപത്രി ചികിത്സ സുഗമമായി നടന്നു.
തലച്ചോറിൽ രണ്ട് മേജർ ശസ്ത്രക്രിയകൾ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം തലയോട്ടിയുടെ ഒരു ഭാഗം വയറ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമേ അത് പഴയസ്ഥാനത്ത് പുനഃസ്ഥാപിക്കാനാവൂ. നാട്ടിലെത്തി കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ശിഹാബിെൻറ ഇടപെടലിൽ തർഹീലിൽനിന്ന് ഫൈനൽ എക്സിറ്റ് വിസ ശരിയാക്കി.
നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള യാത്രാചെലവും മറ്റും വഹിക്കാൻ ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയധികൃതർ തയാറായി. നാട്ടിൽ ചികിത്സക്കായി ചെറിയൊരു തുകയുടെ സഹായം സ്പോൺസറുടെ മകൻ നൽകി. കഴിഞ്ഞദിവസം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് യാത്രയായി. കൊട്ടാരക്കര കുന്നിക്കോട് സ്വദേശി ഷംനാദാണ് യാത്രയിൽ സഹായിയായി ഒപ്പം പോയത്.
ശിഹാബിനോടൊപ്പം നിസാർ, സലാം, നൗഷാദ് ആലുവ, സാബിത്ത്, ഡൊമിനിക് സാവിയോ, നൗഷാദ് കുന്നിക്കോട്, സലാം പെരുമ്പാവൂർ, അനീഷ്, നഴ്സിങ് സ്റ്റാഫുമാരായ മെർലിൻ, ജസ്റ്റിൻ, കമ്പനി മാനേജർ അബ്ദുൽ വഹാബ് എന്നിവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ നാട്ടിലെത്തിക്കുന്നതുവരെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

