മൂന്നര പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് അബ്ദുൽ വഹാബ് - ഷക്കീല ടീച്ചർ ദമ്പതികൾ മടങ്ങുന്നു
text_fieldsറിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് അബ്ദുൽ വഹാബ്, ഷക്കീല ടീച്ചർ ദമ്പതികൾ മടങ്ങുന്നു. റിയാദിലെ പ്രവാസി സമൂഹത്തിനിടയിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയും അധ്യാപികയും എഴുത്തുകാരിയുമാണ് ഷക്കീല ടീച്ചർ. റിയാദിലെ ഗൾഫ് താലീദ് ഗ്രൂപ് കമ്പനിയിൽ ചീഫ് അക്കൗണ്ടൻറായിരുന്നു അബ്ദുൽ വഹാബ്. 35 വർഷത്തെ സേവനത്തിനൊടുവിൽ അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്. റിയാദ് ഇൻറർനാഷനൽ പബ്ലിക് സ്‌കൂളിൽ മലയാളം അധ്യാപികയായ ഷക്കീല വഹാബ് ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം മടങ്ങുന്നത്.
ആലപ്പുഴ സ്വദേശികളായ ഇൗ ദമ്പതികൾ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും. ആലപ്പുഴ ജില്ലയിലെ ചൈൽഡ് ഡെവലപ്മെൻറ് കൗൺസിലിൽ ഫാക്കൽറ്റി ആയാണ് ഇനി ഷക്കീല ടീച്ചറുടെ ഒൗദ്യോഗിക ജീവിതം. ആലപ്പുഴ ടൗണിലെ വെള്ളക്കിണർ ദാറുൽ അമീൻ കുടുംബത്തിൽ ഇനി വിശ്രമജീവിതത്തിലാവും അബ്ദുൽ വഹാബ്. റിയാദ് പബ്ലിക് സ്‌കൂളിൽ ആദ്യമായി മലയാളം വകുപ്പിന് തുടക്കം കുറിച്ചത് രസതന്ത്രം ബിരുദധാരിണിയായ ഷക്കീല ടീച്ചറാണെന്നത് കൗതുകമുണർത്തുന്ന കാര്യമാണ്. എന്നാൽ മലയാള ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ശാസ്ത്രം മാറ്റി വെച്ച് ഭാഷാധ്യാപിക എന്ന റോളിലേക്ക് പരകായ പ്രവേശം നടത്താൻ പ്രേരകമായത്. മൂന്നു കുട്ടികളുമായാണ് സ്‌കൂളിൽ മലയാളം വകുപ്പിന് തുടക്കം കുറിച്ചത്. പിന്നീട് ഒരുപാട് കുട്ടികൾ മാതൃഭാഷ തെരഞ്ഞെടുക്കുന്നതിലേക്ക് ടീച്ചറുടെ പ്രവർത്തനം മലയാളം വകുപ്പിനെ വികസിപ്പിച്ചു. മലയാള സാഹിത്യത്തിലും ടീച്ചർക്ക് കമ്പമുണ്ടായിരുന്നു.
കവിതകളും ഗാനങ്ങളും എഴുതുന്നു. മുമ്പ് ലേഖനങ്ങളും എഴുതിയിരുന്നു. ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതിയതൊക്കെ പ്രകാശിതമായിട്ടുണ്ട്. ഗാനങ്ങൾ സംഗീത ആൽബങ്ങളായി യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യ ഗാനം സംഗീത ആൽബമാകുകയും യൂട്യൂബിൽ ലക്ഷക്കണക്കിന് ഹിറ്റുകൾ നേടുകയും ചെയ്തു. അറിയപ്പെടുന്ന യുവ ഗായകനും മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനുമായ മൂത്ത മകൻ ഹിഷാം അബ്ദുൽ വഹാബാണ് ഉമ്മയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും മറ്റ് ഗായകർക്കൊപ്പം പാടി ഹിറ്റാക്കിയതും. അടുത്ത് ഹിഷാമിെൻറ സംഗീത സംവിധാനത്തിൽ ഇറങ്ങാനിരിക്കുന്ന 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' എന്ന ചിത്രത്തിൽ ഒരു ഗാനം ഷക്കീല ടീച്ചർ എഴുതി. ഇനി ഇൗ രംഗത്തും ഒരു കൈ നോക്കാൻ തന്നെയാണ് തീരുമാനം.
റിയാദിലെ നീണ്ടകാലത്തെ പ്രവാസത്തിനിടയിൽ നിരവധി സാമൂഹിക സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഷക്കീല ടീച്ചർ സജീവമായിരുന്നു. പ്രവാസി സാമൂഹികരംഗത്തെ സ്ത്രീശാക്തീകരണത്തിലും കാര്യമായ പങ്കുവഹിച്ചു. നിരവധി നഴ്സുമാരുടെയും വീട്ടുജോലിക്കാരുടെയും വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തി. ദുരിതങ്ങളിൽ അകപ്പെട്ട അത്തരം ആളുകളെ നാടണയാൻ സഹായിച്ചു. റിയാദ് പട്ടണത്തിൽ മാത്രമല്ല ദവാദ്മി, മജ്‌മഅ തുടങ്ങിയ പ്രദേശത്തുള്ളവർക്കുപോലും ടീച്ചറുടെ സേവനങ്ങൾ ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തു മാനസിക സംഘർഷങ്ങളിൽ കഴിഞ്ഞിരുന്ന അനവധി പ്രവാസികൾക്ക് കൗൺസിലിങ് നൽകുന്ന തിരക്കിലായിരുന്നു ഇൗ ദിവസങ്ങളിൽ പോലും.
റിയാദിലെ അംഗന സ്ത്രീ കൂട്ടായ്മയുടെ ചെയർപേഴ്‌സൺ, ഈസ്റ്റ് വെനീസ് അസോസിയേഷൻ വനിതാ വിങ് പ്രസിഡൻറ്, വേൾഡ് മലയാളി ഫെഡറേഷൻ മലയാളം മിഷൻ അധ്യാപിക, മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ് പ്രവർത്തക തുടങ്ങിയ നിരവധി പദവികളിലായി സാമൂഹികപ്രവർത്തക മേഖലയിൽ സ്ഥിര സാന്നിധ്യമാണ് ഷക്കീല ടീച്ചർ. ഹിഷാമിനെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ഇൗ ദമ്പതികൾക്ക്. ആമസോൺ ബാംഗ്ലൂർ ശാഖയിൽ ഉദ്യോഗസ്ഥനായ ഷിയാസ് ഇളയ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

