Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്​ദുൽ സമദ്​ നാട്ടിലെത്തി; തുണയായത് എംബസിയും സുമനസ്സുകളും

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്​ദുൽ സമദ്​ നാട്ടിലെത്തി; തുണയായത് എംബസിയും സുമനസ്സുകളും
cancel
camera_alt

അബ്​ദുൽ സമദ്

ജുബൈൽ: വാഹനാപകടത്തിൽപെട്ട് നാല് മാസമായി ഗുരുതരാവസ്ഥയിൽ ജുബൈലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി അബ്​ദുൽ സമദിനെ (55) വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. ദമ്മാമിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സ്ട്രെച്ചറി​ന്റെ സഹായത്തോടെ കൊളംബോ വഴിയാണ് ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. യാത്രയിൽ സഹായിയായി ഒരു നഴ്‌സും കൂടെയുണ്ടായിരുന്നു. നാട്ടിലെത്തിയ ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഒക്ടോബറിൽ ഖഫ്ജിയിൽ നിന്ന് മടങ്ങുന്നതിനിടെ അബൂ ഹൈദരിയ റോഡിലുണ്ടായ അപകടത്തിലാണ് അബ്​ദുൽ സമദിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ജുബൈൽ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചുമാറ്റേണ്ടതായും വന്നു.

15 വർഷം മുമ്പ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ സമദ്, കഴിഞ്ഞ ഏഴു വർഷമായി ഇഖാമയോ ഇൻഷുറൻസോ ഇല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഹുറൂബിലും അകപ്പെട്ടിരുന്ന ഇദ്ദേഹത്തി​ന്റെ ചികിത്സക്കായി ഭീമമായ തുകയാണ് ചെലവായത്. സുമനസ്സുകളുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിനൊടുവിലാണ് യാത്രാരേഖകൾ ശരിയായത്. നാട്ടിലേക്കുള്ള യാത്രാ ചെലവുകൾ പൂർണമായും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും സമദിന് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി സാമൂഹിക പ്രവർത്തകൻ അബ്രഹാം മാത്യു പറഞ്ഞു.

ദമ്മാമിലെയും ജുബൈലിലെയും സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രി സന്ദർശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നു. സങ്കീർണമായ നിയമക്കുരുക്കുകൾ പരിഹരിച്ച് നാട്ടിലെത്തിക്കാൻ സഹായിച്ച ഇന്ത്യൻ എംബസിക്കും മറ്റ് സുമനസുകൾക്കും അബ്​ദുൽ സമദും കുടുംബവും നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Accidentindian embassyreturned home
News Summary - Abdul Samad, who was injured in a car accident and undergoing treatment, returned home
Next Story