അബ്ദുൽ സലാമിനെ ‘ഇവ’ നാട്ടിലയച്ചു
text_fieldsവാഹനാപകടത്തിൽ മരിച്ച
മുഹമ്മദ് സഹൽ
റിയാദ്: കഴിഞ്ഞ ദിവസം ആലപ്പുഴ പുന്നപ്രയിൽ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് സഹൽ എന്ന എട്ടു വയസ്സുകാരന്റെ വേർപാട് റിയാദിലെ ആലപ്പുഴ നിവാസികളെയും കണ്ണീരിലാഴ്ത്തി. റിയാദിൽ ജോലി ചെയ്യുന്ന ഗായകൻ കൂടിയായ നീർക്കുന്നം സ്വദേശി അബ്ദുൽ സലാമിന്റെ മകനാണ് വാഹനമിടിച്ചു ദാരുണമായി മരിച്ചത്.
ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ), സ്മാർട്ട് വേ ഡ്രൈവേഴ്സ് കൂട്ടായ്മ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് അബ്ദുൽ സലാം. മകന്റെ അകാല വേർപാട് അറിഞ്ഞ ഇദ്ദേഹത്തിന് പെട്ടെന്ന് നാട്ടിൽ പോകാൻ പാസ്പോർട്ട് കാലാവധി തീർന്നത് ഒരു പ്രശ്നമായി. സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ അവധി ദിനമായിരുന്നിട്ട് കൂടി ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കി നൽകി.
അസോസിയേഷൻ ട്രഷറർ നിസാർ മുസ്തഫ, ഇവ അംഗം ഷാജഹാൻ എന്നിവരാണ് ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെട്ടു സലാമിന്റെ യാത്രക്കുള്ള ഒരുക്കം നടത്തി. സലാമിനുള്ള വിമാന ടിക്കറ്റും ‘ഇവ’ കൂട്ടായ്മ നൽകി. മൃതദേഹം ഒരു നോക്ക് കാണാൻ പിതാവായ അബ്ദുൽ സലാമിന് കഴിഞ്ഞില്ലെങ്കിലും ദുഃഖാർത്തരായ മാതാവിനും ബന്ധുക്കൾക്കും ഒരു താങ്ങായി സലാമിന്റെ സാന്നിധ്യം അനുഭവപ്പെടുമല്ലോ എന്ന ആശ്വാസത്തിലാണ് പ്രവാസലോകത്തെ സുഹൃത്തുക്കൾ.
ഈസ്റ്റ് വെനീസ് അസോസിയേഷൻ ഭാരവാഹികളായ ആന്റണി വിക്ടർ, സജാദ് സലിം, നിസാർ മുസ്തഫ, രാജേഷ് ഗോപിനാഥൻ, ഹാഷിം ചീയാം വെളി, സുരേഷ് കുമാർ, ആസിഫ് ഇഖ്ബാൽ, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു പച്ച എന്നിവർ അബ്ദുൽ സലാമിനെ യാത്രയാക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

