സുഹൃത്തുക്കൾക്ക് വേദനയായി അബ്ദുൽ റഷീദിെൻറ വിയോഗം
text_fieldsഅബ്ദുൽ റഷീദ്
റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ കോവിഡ് ബാധിച്ച് മരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ റഷീദിെൻറ വിയോഗം വിപുലമായ സുഹൃത്ത് വലയത്തിൽ വലിയ നൊമ്പരം പടർത്തി. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച അദ്ദേഹം ഒരു ജീവകാരുണ്യ പ്രവർത്തകനെപോലെയാണ് അടുത്ത സുഹൃത്തുക്കൾക്കെല്ലാം അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ 42 വർഷമായി റിയാദിൽ അംഗീകൃത ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഷീദ്. പ്രവാസം ആരംഭിച്ച മുതൽ ഒരേ ടാക്സി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കാണുന്നവരോടൊക്കെ ചെറുപുഞ്ചിരിയുമായി സൗഹൃദം തുടങ്ങുന്ന അബ്ദുൽ റഷീദിനെ ഒരിക്കൽ പരിചയപ്പെട്ടവർക്ക് പോലും മറക്കാനാവില്ല. സൗഹൃദത്തിന് മറ്റെന്തിനെക്കാളും വില നൽകിയിരുന്നു അദ്ദേഹമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ടാക്സി ഡ്രൈവർ ആയതുകൊണ്ടുതന്നെ യാത്രപോകുന്നിടങ്ങളിൽനിന്ന് സുഹൃത്തുക്കൾക്ക് ആവശ്യമായ പച്ചക്കറിയും മീനുമൊക്കെ വാങ്ങി നൽകി സൗഹൃദം കാത്തു സൂക്ഷിക്കും.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റു തൊഴിലാളികൾക്കും അബ്ദുൽ റഷീദിനെകുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളൂ. 42 വർഷം ജോലി ചെയ്തിട്ടും ഒരു റിയാൽ പോലും കമ്പനിയിൽ കുടിശ്ശിക വരാതിരിക്കാൻ അബ്ദുൽ റഷീദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി യാത്രക്കാരിൽനിന്ന് പണം വാങ്ങാതിരുന്നത് യാത്രക്കാരെയും അബ്ദുൽ റഷീദിലേക്ക് അടുപ്പിച്ചു. ജനുവരി ഒന്നിനാണ് രോഗബാധയുണ്ടായത്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സഹായത്തോടെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ബുനാഴ്ച രാത്രി മരണം സംഭവിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ അൽഖൈറിലെ മൻസൂരിയ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. പരേതനായ മുഹമ്മദ് മൊയ്ദുവാണ് പിതാവ്. മാതാവ്: കുഞ്ഞിവി പാത്തു. ഭാര്യ: നസ്വിറ. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് ഹാസിം. മയ്യിത്ത് ഖബറടക്കാനുള്ള നടപടികൾക്ക് സുലൈമാനോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽെഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സുഫിയാൻ ചൂരപ്പിലാൻ, അബ്ദുൽ മജീദ്, കബീർ വൈലത്തൂർ, ഉമർ അമാനത്, ഫിറോസ് കൊല്ലം തുടങ്ങിയവരും സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് നെടുങ്ങോട്ടൂരും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

