അബ്ദുൽ റഹീമിന്റെ മോചനം: സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അർധസത്യങ്ങൾ; യാഥാർത്ഥ്യം വ്യക്തമാക്കി നിയമസഹായ സമിതി
text_fieldsറിയാദിലെ റഹീം നിയമസഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല വാർത്തകളും അർദ്ധസത്യങ്ങൾ മാത്രമാണെന്ന് റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. വസ്തുതവിരുദ്ധമായ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും സമിതി അഭ്യർത്ഥിച്ചു. നിലവിലെ യഥാർത്ഥ വിവരങ്ങൾ പങ്കുവെക്കാൻ റിയാദിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്.
റഹീമിെൻറ മോചന ഉത്തരവ് സംബന്ധിച്ചും യാത്രാനടപടികൾ വേഗത്തിലാക്കാനുമുള്ള ഔദ്യോഗിക ശ്രമങ്ങൾ സജീവമായി തുടരുകയാണ്. എക്സിറ്റ് വിസ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ടെങ്കിലും, രാജ്യം വിടുന്നതിനുള്ള എമിഗ്രേഷൻ ക്ലിയറൻസ് അടക്കമുള്ള നിർണായകമായ ചില നിയമനടപടികൾ കൂടി ഇനി പൂർത്തിയാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ മോചനം പൂർണമാകൂ.
പെരുന്നാൾ അവധി ദിവസങ്ങൾ ഔദ്യോഗിക നടപടികളെ ബാധിക്കാതിരിക്കാൻ സമിതിയുടെ ഭാഗത്തുനിന്ന് ഊർജിതമായ ഇടപെടലുകൾ നടക്കുന്നുണ്ട്. നിയമപരമായ എമിഗ്രേഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക്, ജയിലിൽ നിന്ന് റഹീമിനെ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കാനാണ് നിലവിലെ തീരുമാനം.
വൈകാതെ തന്നെ ശുഭവാർത്ത പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും, ഏതു നിമിഷവും ഔദ്യോഗിക മോചനം സാധ്യമാകുന്ന തരത്തിലുള്ള നിയമപരമായ നീക്കങ്ങളാണ് നടക്കുന്നതെന്നും സമിതി അംഗങ്ങൾ വിശദീകരിച്ചു. റഹീമിെൻറ മോചനത്തിനായി ഇതുവരെ ഒപ്പം നിൽക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും സമിതി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. റിയാദിൽ നടന്ന വാർത്താസമ്മേളനത്തിൽ നിയമസഹായ സമിതി ഭാരവാഹികളായ സി.പി. മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സുരേഷ് കൂട്ടായ്, മുനീഫ് പാഴൂർ, കുഞ്ഞോയ് കോടമ്പുഴ, മൊഹിയുദ്ദീൻ സഹീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

