അബ്ദുറഹീം കേസ്: കീഴ്‌കോടതി വിധി ശരിവെച്ച് സുപ്രീംകോടതി ഉത്തരവ്
text_fieldsഅബ്ദുറഹീം
റിയാദ്: 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീംകോടതിയുടെ ഉത്തരവ്. ഇതോടെ 20 വർഷത്തെ ജയിൽ കാലാവധി പൂർത്തിയാക്കി അടുത്ത വർഷം റഹീമിന് പുറത്തിറങ്ങാനാകും. റഹീമിന് വധശിക്ഷ വേണമെന്ന പ്രോസിക്യൂഷൻ അപ്പീൽ തള്ളിയാണ് സുപ്രീം കോടതി വിധി.
നേരത്തേ മേയ് 26ന് 20 വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ ഒമ്പതിന് അപ്പീൽ കോടതി ശരിവെച്ചിരുന്നു. കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. 20 വർഷത്തെ തടവുശിക്ഷ മതിയെന്ന വാദം സുപ്രീം കോടതി ശരിവെച്ചു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു കേസ്. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.
കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽ കോടതിയിലും സുപ്രീംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ. റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും രംഗത്തുണ്ടായിരുന്നു. സുപ്രീംകോടതിയുടെ വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമസഹായ സമിതി ചെയർമാൻ സി.പി. മുസ്‌തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ, യുസുഫ് കാക്കഞ്ചേരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

