അബ്ദുൽ മജീദ്: വിടവാങ്ങിയത് ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകൻ
text_fieldsറിയാദ്: കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇന്നലെ നിര്യാതനായ അബ്ദുൽ മജീദ്. ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡൻറായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒട്ടേറെപ്പേർ അനുശോചിച്ചു. അർബുദ ബാധിതനായി നാട്ടിൽ മലബാർ കാൻസർ സെന്ററിൽ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് മൂന്നിന് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദിൽ നടന്നു.
മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൽ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് ചികിത്സക്കായി പോയത്. അബ്ദുൽ മജീദിെൻറ വിയോഗത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ല ഒ.ഐ.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 7.30ന് ബത്ഹയിലെ സബർമതി ഹാളിൽ മയ്യിത്ത് നമസ്കാരവും അനുശോചന സമ്മേളനവും നടന്നു.
