ആത്മഹർഷത്തോടെ അബ്ദുസ്സമദ് വളാഞ്ചേരി മടങ്ങുന്നു
text_fieldsഅബ്ദുസ്സമദ് വളാഞ്ചേരി
മദീന: നിറഞ്ഞ സംതൃപ്തിയോടെ മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മദീനയിലെ പ്രവാസികളുടെ പ്രിയങ്കരനായ അബ്ദുസ്സമദ് പടിയിറങ്ങുന്നു. സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യമേഖലയിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശിയായ അബ്ദുസ്സമദ് വടക്കേക്കര മദീനയിലെ പ്രവാസികൾക്കിടയിൽ സുപരിചിതനാണ്. തനിമ സാംസ്കാരികവേദിയുടെ യാംബു, മദീന സോൺ എക്സിക്യൂട്ടിവ് അംഗവും മദീന ഏരിയ പ്രസിഡന്റും ഹജ്ജ് വെൽഫെയർ ഫോറത്തിന്റെയും മദീന മാപ്പിളകലാ അക്കാദമിയുടെയും വൈസ് പ്രസിഡന്റുമാണ്. 30 വർഷം മദീനയിൽനിന്ന് നേടിയതും നൽകിയതും അനുപമമായ സ്നേഹവാത്സല്യങ്ങളായിരുന്നുവെന്ന് നിറഞ്ഞ പുഞ്ചിരിയോടെ അബ്ദുസ്സമദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
1992ൽ അൽ നഹാസ് ഫാർമസി ഗ്രൂപ്പിലേക്ക് ഫാർമസിസ്റ്റായി കോഴിക്കോടുനിന്ന് ഇന്റർവ്യൂ വഴി മദീനയിലേക്ക് വിമാനം കയറിയ അബ്ദുസ്സമദ് കമ്പനിയിൽ പർച്ചേസിങ് മാനേജരായി സേവനം ചെയ്യുന്നതിനിടയിലാണ് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നത്. മദീനയിലെ 'തനിമ' സാംസ്കാരികവേദിയുടെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്ന അദ്ദേഹം ഹജ്ജിനും ഉംറക്കും എത്തിയിരുന്ന തീർഥാടകർക്ക് മഹത്തായ സേവനം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു. മലയാളികളുടെ വിവിധ കൂട്ടായ്മകളിലും കലാസാംസ്കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് സന്തോഷപൂർവം മദീനയോട് വിടപറയുന്നത്. സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്) എക്സിക്യൂട്ടിവ് അംഗംകൂടിയാണ് അബ്ദുസ്സമദ്. വളാഞ്ചേരി സ്വദേശി പരേതനായ വടക്കേക്കര കുഞ്ഞിമുഹമ്മദിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഫാരിസ, ഫായിസ്, ഫവാസ്, ഫുല്ല. ഏപ്രിൽ അഞ്ചിനു നാട്ടിലേക്കു തിരിക്കുന്ന വി.കെ. അബ്ദുസ്സമദുമായി സുഹൃത്തുക്കൾക്ക് 050 330 3644 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

