എ.ബി.സി കാർഗോ ; കെ.എം.സി.സി ഫുട്ബാൾ; കലാശപ്പോരാട്ടം നാളെ
text_fieldsറിയാദ്: ക്ലബ് ഫുട്ബാൾ മത്സരങ്ങളെ കവച്ചുവെക്കുന്ന രീതിയിൽ വീറും വാശിയും നിറഞ്ഞ റിയാദ് കെ.എം.സി.സി മണ്ഡലം തല ഫുട്ബാൾ ടൂർണമെൻറിന്റെ കലാശപ്പോരാട്ടം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബഗ്ലഫിലെ ഖാബൂസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
മികച്ച ഫോമിലുള്ള ചേലക്കര, നിലമ്പൂർ മണ്ഡലം ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഷൊർണൂരിനെ തകർത്താണ് ചേലക്കര കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ശക്തരായ തിരൂരങ്ങാടിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലമ്പൂർ ഫൈനലിൽ കടന്നത്.
സമാപന പരിപാടിയിൽ മുഖ്യാതിഥിയായി മലബാറിലെ സെവൻസ് മൈതാനങ്ങളിൽ നിറസാന്നിധ്യമായ സൽമാൻ കുറ്റിക്കോട് പങ്കെടുക്കും. കൂടാതെ സൗദിയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം, സംഗീത നിശ, കോൽക്കളി, 20ഓളം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറും.
രണ്ടര മാസമായാണ് ഈ ടൂർണമെൻറ് നടക്കുന്നത്. മത്സരം കാണാൻ സ്ത്രീകൾക്ക് പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. എസ്.എം.ഇ പ്രവാസി എക്സലൻസി അവാർഡ് നൽകി ടി.വി.എസ് സലാമിനെ ചടങ്ങിൽ
ആദരിക്കും.
ഫൈനൽ മത്സരം കാണുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് 6.30ന് ബത്ഹ കെ.എം.സി.സി ഓഫിസ് പരിസരത്തുനിന്നും സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ടൂർണമെൻറിനോടനുബന്ധിച്ച് പുറത്തിറക്കിയ ലക്കി ഡ്രോ കൂപ്പൺ നറുക്കെടുപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

