പ്രതിസന്ധിയിലായ തമിഴ്‌നാട് സ്വദേശി മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു
text_fieldsതമിഴ്നാട് സ്വദേശി രാജ് പിള്ളയെ തബൂക്കിലെ സാമൂഹിക പ്രവർത്തകൻ ഉണ്ണി മുണ്ടുപറമ്പിൽ യാത്രയയച്ചപ്പോൾ
തബൂക്ക്: വിവിധ പ്രതിസന്ധികൾ കാരണം ഒൻപത് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മലയാളി സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്തിൽ ജന്മനാട്ടിലേക്ക് മടങ്ങി. പുതുക്കോട്ട സ്വദേശിയായ രാജ് പിള്ള (60) ആണ് കഴിഞ്ഞ ദിവസം എയർ അറേബ്യ വിമാനത്തിൽ സൗദിയിൽ നിന്നും യാത്രതിരിച്ചത്.
വർഷങ്ങൾക്ക് മുൻപ് തബൂക്കിലെ തൈമയിലുള്ള ഒരു കൃഷിയിടത്തിലെ ജോലിക്കായാണ് രാജ് പിള്ള സൗദിയിലെത്തിയത്. തുടർന്ന് രണ്ട് വർഷത്തോളം കുറഞ്ഞ ശമ്പളത്തിൽ മുനിസിപ്പാലിറ്റിയിൽ ക്ലീനിങ് ജോലി ചെയ്തു. അതിനുശേഷമാണ് വീണ്ടും കൃഷിയിടത്തിലെ ജോലിയിലേക്ക് മാറിയത്. ഇവിടെ നിന്ന് കൃത്യമായി വേതനം ലഭിച്ചിരുന്നുവെങ്കിലും സ്പോൺസർ താമസരേഖയായ ഇഖാമയോ ഇൻഷുറൻസ് കാർഡോ ലഭ്യമാക്കിയിരുന്നില്ല.
നിയമപരമായ രേഖകൾ ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന് നാട്ടിലേക്ക് അവധിക്ക് പോകാൻ സാധിച്ചതുമില്ല. രണ്ട് പെൺമക്കളുടെ ഉയർന്ന വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി മാത്രമാണ് പ്രതികൂല സാഹചര്യത്തിലും രാജ് പിള്ള നീണ്ട ഒൻപത് വർഷം കൃഷിയിടത്തിൽ ജോലി ചെയ്തത്. ഇതിനിടയിൽ, മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് ഇഖാമ മാറുന്നതിനായി പാസ്‌പോർട്ടും പണവും കൈമാറിയെങ്കിലും അത് നഷ്ടപ്പെട്ടത് ഇരട്ടപ്രഹരമായി. ഇതിനുപുറമേ, ആദ്യത്തെ സ്പോൺസർ ‘ഹുറൂബ്’ (തൊഴിലാളി ഒളിച്ചോടിയതായി കാണിച്ചുള്ള റിപ്പോർട്ട്) ആക്കുക കൂടി ചെയ്തതോടെ നാട്ടിലേക്കുള്ള മടക്കം പൂർണമായും പ്രതിസന്ധിയിലാവുകയായിരുന്നു.
തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ വഴിതേടിയ രാജ് പിള്ള, തൈമയിലെ കെ.എം.സി.സി പ്രവർത്തകനായ അഷ്‌റഫിനെ സമീപിച്ചു. അദ്ദേഹം ഈ വിഷയം തബൂക്കിലെ പൊതുപ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ കമ്യൂണിറ്റി വെൽഫെയർ അംഗവുമായ ഉണ്ണി മുണ്ടുപറമ്പിലിെൻറ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം ജിദ്ദ കോൺസുലേറ്റുമായി അടിയന്തരമായി ബന്ധപ്പെടുകയും നിയമനടപടികൾ വേഗത്തിലാക്കുകയും ചെയ്തതോടെയാണ് രാജ് പിള്ളയുടെ നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
കോൺസുലേറ്റ് ഇ.സി (എമർജൻസി സർട്ടിഫിക്കറ്റ്) പാസ്‌പോർട്ട് അനുവദിച്ചതിനെത്തുടർന്ന്, ഉണ്ണി മുണ്ടുപറമ്പിൽ തർഹീൽ ജാവാസത്ത് മേധാവിയുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ യാത്രാരേഖകൾ ശരിയാക്കുകയായിരുന്നു. തുടർന്ന് ഉണ്ണിയുടെ വ്യക്തിപരമായ ജാമ്യത്തിലാണ് രാജ് പിള്ളയെ തർഹീലിൽ നിന്നും മോചിപ്പിച്ചത്. തബൂക്ക് വിമാനത്താവളത്തിൽ നിന്നും റിയാദ് വഴി നാട്ടിലേക്ക് മടങ്ങിയ രാജ് പിള്ള, ഒൻപത് വർഷത്തെ ദുരിതത്തിന് അറുതിവരുത്താൻ സഹായിച്ച സാമൂഹിക-സന്നദ്ധ പ്രവർത്തകർക്കും വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് പ്രവാസം അവസാനിപ്പിച്ച് വിമാനം കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

