റിയാദ് എക്സ്പോയിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്; ‘എക്സ്പോ ബെൽഗ്രേഡ് 2027’പങ്കാളിത്ത കരാറിൽ സൗദി ഒപ്പുവെച്ചു
text_fieldsറിയാദ്: 2027 ൽ സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എക്സ്പോയിൽ സജീവമായി പങ്കുചേരുന്നതിനുള്ള ഔദ്യോഗിക കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചു. 2030ൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന ആഗോള എക്സ്പോയുടെ മുന്നൊരുക്കങ്ങൾക്കും നിർവഹണ ഘട്ടത്തിനുമുള്ള നിർണായക നാഴികക്കല്ലായാണ് ഈ നീക്കത്തെ രാജ്യം വിലയിരുത്തുന്നത്.
‘എല്ലാവർക്കും കായികവും സംഗീതവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ബെൽഗ്രേഡ് എക്സ്പോയിൽ, സൗദിയുടെ സാംസ്കാരിക പൈതൃകവും ഭാവി കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്ന വിപുലമായ പവിലിയനാണ് ഒരുങ്ങുന്നത്.
വിഷൻ 203ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ, സന്ദർശകർക്ക് സവിശേഷവും വിജ്ഞാനപ്രദവുമായ അനുഭവം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പങ്കാളിത്തം.
ഈ കരാർ ഒപ്പിടൽ ആസൂത്രണ ഘട്ടത്തിൽനിന്ന് പദ്ധതി നടപ്പാക്കുന്ന ഘട്ടത്തിലേക്കുള്ള സുപ്രധാന മാറ്റമാണെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സാമ്പത്തിക കാര്യ അണ്ടർ സെക്രട്ടറിയും എക്സ്പോ ബെൽഗ്രേഡിെൻറ സൗദി കമീഷണറുമായ റാകാൻ തറാബ്സൂനി വ്യക്തമാക്കി.
എക്സ്പോ കാലയളവിലുടനീളം വിവിധ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്നും സാംസ്കാരിക കൈമാറ്റത്തിനും ആശയവിനിമയത്തിനും മുൻഗണന നൽകുന്ന പരിപാടികൾ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം ആഗോള സഹകരണം ശക്തമാക്കാനും ഈ പങ്കാളിത്തം വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

