കേരളത്തിലെ കോൺഗ്രസ് ഒരുവിഭാഗം ക്രൈം സിൻഡിക്കേറ്റിന്റെ നിയന്ത്രണത്തിൽ -എ.എ. റഹിം എം.പി
text_fieldsദോഹ: കേരളത്തിലെ കോൺഗ്രസ് ഒരുവിഭാഗം ക്രൈം സിൻഡിക്കേറ്റിന്റെ നിയന്ത്രണത്തിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനും പലപ്പോഴും അവരുടെ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരുന്നുവെന്നും രാജ്യസഭ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവുമായ എ.എ. റഹിം.
ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാർമികത തീരെയില്ലാത്ത ഒരു സംഘമാണ് കോൺഗ്രസിലെ ക്രൈം സിൻഡിക്കേറ്റ്. ഹു കെയേഴ്സ് എന്നതാണ് അവരുടെ ടാഗ് ലൈൻ. ഷൈൻ ടീച്ചറാണ് ആ സിൻഡിക്കേറ്റിന്റെ ഏറ്റവും ഒടുവിലത്തെ ഇരയെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ വന്നതിനെ റഹിം ന്യായീകരിച്ചു. എസ്.എൻ.ഡി.പി അടക്കം സാമുദായിക സംഘടകളോട് സി.പി.എമ്മിന് അകൽച്ചയില്ലെന്നും എന്നാൽ, വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ പിന്തുണക്കുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനയെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആഗോള അയ്യപ്പസംഗമത്തെ എതിർക്കുന്നതിലൂടെ സംഘ്പരിവാർ ഭാഷ്യമാണ് ഉയർത്തുന്നത്.
നവകേരള നിർമിതിയിൽ പ്രവാസി സമൂഹത്തെക്കൂടി ചേർത്തുനിർത്തിയാണ് മുന്നോട്ടുപോകുന്നതെന്നും വിമാന യാത്രാദുരിതം അടക്കമുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, ട്രഷറർ ആർ.ജെ രതീഷ്, അൻവർ പാലേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

