തടാകത്തിൽ വീണ അഞ്ച് വയസ്സുകാരിക്ക് സൗദി പൗരൻ രക്ഷകനായി
text_fieldsജുബൈലിലെ തടാകത്തിൽ വീണുപോയ ബാലികയെ സൗദി പൗരൻ രക്ഷിച്ച് കരക്ക് എത്തിക്കുന്നു
ജുബൈൽ: തടാകത്തിൽ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിയെ സൗദി പൗരൻ രക്ഷിച്ചു. ജുബൈൽ അൽ-തിലാൽ പാർക്കിനുള്ളിലെ തടാകത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ തടാകത്തിൽ വീണുപോയ അഞ്ചു വയസുകാരിയെ വെള്ളത്തിലേക്ക് എടുത്തു ചാടി സ്വദേശി പൗരൻ അലി അൽ-മാരി പൊക്കി എടുക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ സൗദി പൗരന്‍റെ ധീരതയെ പ്രകീർത്തിച്ച് ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എത്തുന്നുണ്ട്.
കുടുംബത്തോടൊപ്പം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ-തിലാൽ പാർക്കിൽ എത്തിയതായിരുന്നു അലി അൽ-മാരി. ആ സമയമാണ് തടാകത്തിൽ പെൺകുട്ടി വീഴുന്നത്. കുട്ടിയെ രക്ഷിക്കാൻ സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് ഇദ്ദേഹം ഓടിയെത്തി തടാകത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. തടാകത്തിൽ നീന്തി കുട്ടിയുടെ അടുത്തെത്തി കോരിയെടുത്തു കരയിലേക്ക് എത്തിക്കുകയായിരുന്നു.
പെൺകുട്ടിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. ബാലികയുടെ ജീവൻ രക്ഷിക്കുന്നതിനിടെ അൽ-മാരിക്ക് പരിക്കേറ്റു. എന്നാൽ, മരണത്തിൽ നിന്ന് ഒരു ആത്മാവിനെ രക്ഷിച്ചതാണ് പ്രധാനമെന്നും അതിനിടയിൽ തനിക്ക് പരിക്കേറ്റത് ഒരു പ്രശ്നമല്ലെന്നും മനുഷ്യത്വപരമായ കടമയാണ് താൻ നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.