ഓർമയിലെ ആരവങ്ങളിലൊരു പഞ്ചായത്ത് മെംബർ
text_fieldsനിസാർ ഇബ്രാഹിം
ജുബൈൽ: വിദേശത്താണെങ്കിലും ഓരോ തെരഞ്ഞെടുപ്പിനോടും പ്രവാസികൾ കാണിക്കുന്ന ആവേശം ഒട്ടും കുറയാറില്ല. നാട്ടിലെ പ്രശ്നങ്ങളിലും വികസന ചർച്ചകളിലും കഴിയുന്ന രീതിയിലൊക്കെ അവർ ഇടപെടാറുണ്ട്. ഇപ്പോൾ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബിസിനസ് ചെയ്യുന്ന പഴയ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവർത്തകനുമായ നിസാർ ഇബ്രാഹിം തെരഞ്ഞെടുപ്പ് ഓർമകളിൽ മുഴുകുകയാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനാർഥികളായി അങ്കംവെട്ടി വിജയിച്ചയാളാണ് ഈ എറണാകുളം പള്ളിക്കര സ്വദേശി.
വീടുകളിൽ സന്ദർശനം നടത്തിയും ജനങ്ങളുമായി നേരിട്ട് സംസാരിച്ചും ഒക്കെയാണ് പ്രചാരണ കാലയളവിൽ രാവുകളും പകലുകളും കടന്നുപോയിരുന്നത്. നിരവധി ചെറിയ യോഗങ്ങൾ, കുടുംബസംഗമങ്ങൾ, പ്രാദേശിക യോഗങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു. പോസ്റ്ററുകൾ, വാര്ഡ്തല പ്രചാരണം, സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുമൊക്കെയായി പൊടിപാറിക്കുന്ന പ്രവർത്തനങ്ങൾ.2005ൽ എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു ആദ്യ അങ്കം.
വിദേശത്തായിരുന്നതിനാൽ തെരഞ്ഞെടുപ്പിന് വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പ്രചാരണത്തിലേക്ക് ഇറങ്ങിയത്. സുഹൃത്തുക്കളുമായി ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി വിജയം നേടി. 2020ൽ സി.പി.എം സ്ഥാനാർഥിയായി കുന്നത്തുനാട് പഞ്ചായത്ത് 12ാം വാർഡിൽ മത്സരിച്ചപ്പോൾ പ്രദേശത്തെ വിവിധ വാർഡുകളിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുകയും വികസന ആശയങ്ങൾ നാട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
പഴയ പരിചയവലയങ്ങളിലൂടെയും നേരിട്ടുള്ള വീട് സന്ദർശനങ്ങളിലൂടെയും ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനായതും വിജയത്തിൽ നിർണായകമായി. ജനോപകാരപ്രദമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലെ സംതൃപ്തി ഇപ്പോഴും മനസ്സിലുണ്ട്. ജനപ്രതിനിധികളുടെ സഹകരണത്തോടെ നിരവധി അടിസ്ഥാന സൗകര്യ വർധന പ്രവർത്തനങ്ങൾ നടപ്പാക്കാനും കഴിഞ്ഞു.
ഏറ്റവും നല്ല ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്കുള്ള അവാർഡ് അന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രത്തിൽനിന്ന് ഏറ്റുവാങ്ങാനും സാധിച്ചു.ബ്ലോക്ക് പഞ്ചായത്ത്, ലോക കേരളസഭ, സഹകരണ മേഖല തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിച്ച കാലത്താണ് ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകാൻ സാധിച്ചത്.
ജനകീയപ്രശ്നങ്ങളിൽ നേരിട്ടിടപെടാൻ സാധിക്കുന്നതും തിരികെ ലഭിക്കുന്ന സ്നേഹവുമാണ് ഒരു ജനപ്രതിനിധിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം.കക്ഷി, ജാതി, മത അടിസ്ഥാനത്തിലുള്ള വിഭാഗീയതകൾ ഒഴിവാക്കി എല്ലാ വിഭാഗം ജനങ്ങളോടും ഒരുപോലെ പ്രവർത്തിക്കാൻ ശ്രമിക്കേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. തൊണ്ണൂറുകളിൽ മസ്കത്തിലാണ് പ്രവാസം ആരംഭിച്ചത്. പിന്നീട് സൗദിയിലേക്കെത്തി.
പ്രവാസത്തിനിടയിൽ കിട്ടിയ ഇടവേളകളിലാണ് നാട്ടിൽ പൊതുരംഗത്ത് സജീവമായത്. ഇപ്പോൾ ജുബൈലിൽ ബിസിനസിന്റെ തിരക്കിലാണ്. അതുകൊണ്ടാണ് മറ്റൊരു അങ്കത്തിന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പോകാതിരുന്നത്. ലോകകേരളാ സഭയിലെ അംഗമെന്ന നിലയിൽ, വിവിധ രാജ്യങ്ങളിലെ മലയാളികളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവസരം ലഭിക്കുന്നതാണ് ഇപ്പോഴത്തെ വലിയ സന്തോഷമെന്ന് നിസാർ ഇബ്രാഹിം പറഞ്ഞു. ഭാര്യ: സീനത്ത്. മക്കൾ: അമൻ, അമീന, അലൻ. മരുമകൻ: അൻസിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

