2027ൽ സൗദിയിൽ ഏഷ്യൻ ഫുട്ബാളിന് പുതുയുഗം -കായികമന്ത്രി
text_fieldsrepresentational image
ജിദ്ദ: 2027ൽ സൗദി അറേബ്യയിൽ ഏഷ്യൻ ഫുട്ബാളിന്റെ പുതുയുഗം പിറക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ. 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിലാണ് കായികമന്ത്രി ഇക്കാര്യം പറഞ്ഞത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആതിഥേയത്വത്തിൽ 2027ൽ എല്ലാ ഏഷ്യൻ ടീമുകളെയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലേക്കായി ഞങ്ങൾ വലിയ മുന്നേറ്റം നടത്തി വരികയാണ്. ഈ ആതിഥേയത്വത്തിന്റെ ഫലങ്ങളിൽനിന്ന് ഏഷ്യൻ ഭൂഖണ്ഡത്തിന് പ്രയോജനം ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഏഷ്യൻ ഫുട്ബാളിന് എല്ലാ പിന്തുണയും നൽകാൻ രാജ്യം തയാറാണെന്നും കായികമന്ത്രി പറഞ്ഞു. 2027 എ.എഫ്.സി ഏഷ്യാ കപ്പിന്റെ 19ാം പതിപ്പ് സൗദി അറേബ്യയിൽ നടക്കുന്ന മൂന്ന് കോണ്ടിനെൻറൽ ഇവന്റുകളിൽ ഒന്നാമത്തേതായിരിക്കുമെന്നത് ശ്രദ്ധേയമാണ്. ഭാവി നഗരമായ നിയോം 2029ൽ ഏഷ്യൻ വിൻറർ ഗെയിംസിന് ആതിഥേയത്വം വഹിക്കും. 2034ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും സൗദി അറേബ്യയെ തിരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

