ഫാം ടൂറിസത്തിൽ പുത്തൻ ഉണർവ്; ആനന്ദവും രുചിയും പകർന്ന് ഉംലുജിലെ മാമ്പഴത്തോട്ടങ്ങൾ
text_fieldsഉംലുജിലെ മാമ്പഴത്തോട്ടങ്ങളിൽനിന്നുള്ള കാഴ്ചകൾ
യാംബു: സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ ഉൾപ്പെടുന്ന ഉംലുജിലെ മാമ്പഴത്തോട്ടങ്ങൾ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറുന്നു. യാംബു ടൗണിൽ നിന്ന് 150 കിലോമീറ്ററും, ഉംലുജിൽ നിന്ന് മദീന റോഡിലൂടെ 10 കിലോമീറ്ററും സഞ്ചരിച്ചാൽ മധുരവും സുഗന്ധവും നിറഞ്ഞ വൈവിധ്യമാർന്ന മാങ്ങകൾ വിളഞ്ഞു നിൽക്കുന്ന അപൂർവ കാഴ്ച കാണാം. വേനൽക്കാലത്തിെൻറ രുചിയും സന്തോഷവും കുടുംബത്തോടൊപ്പം പങ്കിടാനുള്ള വേദികളാക്കി ചില മാമ്പഴത്തോട്ടങ്ങളെ അധികൃതർ ഇതിനകം മാറ്റിയിട്ടുണ്ട്. ഫാം ടൂറിസത്തിെൻറ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ തോട്ടം ഉടമകൾ സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളും പ്രാദേശിക ഉൽപന്നങ്ങളുടെ വിപണന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കാർഷിക ടൂറിസം വികസിപ്പിക്കുന്നതിനായി അധികൃതർ നൽകുന്ന മികച്ച പ്രോത്സാഹനമാണ് ഇവിടെ മാമ്പഴ കൃഷിയുടെ വളർച്ചക്ക് വഴിവെച്ചത്. സൗദി കാർഷിക മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം ഉംലുജ് പ്രദേശത്ത് മാത്രം 90,000 മാവുകളാണുള്ളത്.
പ്രതിവർഷം 4,500 ടൺ മാങ്ങയാണ് ഈ തോട്ടങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. ഉംലുജിലെ മണ്ണും കാലാവസ്ഥയും ഭൂഗർഭ ജലലഭ്യതയും മാമ്പഴ കൃഷിക്ക് ഏറെ അനുയോജ്യമാണ്. സൗദി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക ഗവേഷണ കേന്ദ്രം കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നു. കർഷകരുടെ മികച്ച പരിചരണത്തിൽ ഓരോ സീസണിലും ടൺ കണക്കിന് മാമ്പഴമാണ് ഇവിടെ വിളവെടുക്കുന്നത്. ഇന്ത്യയിലടക്കം പേര് കേട്ട പല മാമ്പഴ ഇനങ്ങളും ഇവിടെ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ തത്തമ്മച്ചുണ്ടൻ, ഒളോർ മാങ്ങ, കോമാങ്ങ, മൽഗോവ, നീലൻ എന്നിവയുടെ സൗദി പതിപ്പുകൾ ഈ തോട്ടങ്ങളിൽ കാണാം എന്നത് മലയാളി സന്ദർശകർക്ക് ഗൃഹാതുരമായ ഓർമകളാണ് സമ്മാനിക്കുന്നത്. തോട്ടങ്ങളിൽ കൃത്രിമ വളങ്ങളുടെയോ കീടനാശിനിയുടെയോ പ്രയോഗം കാര്യമായ തോതിൽ ഇല്ലാത്തതിനാൽ ഈ മാമ്പഴങ്ങൾ രുചിയുടെ കാര്യത്തിലും ഗുണമേന്മയിലും ഏറെ മുന്നിലാണ്. പല ഇനങ്ങളിലുള്ള മാമ്പഴങ്ങൾ തരംതിരിച്ചു വെച്ചാണ് തോട്ടങ്ങളിൽ വിപണനം നടത്തുന്നത്. 25 മുതൽ 30 കിലോ വരെ തൂക്കം വരുന്ന ഒരു ബോക്സ് മാങ്ങക്ക് തോട്ടങ്ങളിലെ മൊത്തവില 90 റിയാൽ മുതൽ 120 റിയാൽ വരെയാണ്. മാങ്ങകൾ പഴുത്തു പാകമാകുന്നതോടെ സ്വദേശികളും വിദേശികളുമായ നിരവധി സന്ദർശകരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
തോട്ടമുടമകൾ നേരിട്ടുള്ള സമയങ്ങളിൽ സന്ദർശകർക്ക് വ്യത്യസ്ത ഇനം മാങ്ങകളുടെ രുചിഭേദങ്ങൾ നേരിട്ടറിയാനും അവസരം ലഭിക്കാറുണ്ട്. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നടക്കാറുള്ള പ്രശസ്തമായ ‘മാംഗോ ഫെസ്റ്റിവലുകളിലേക്ക്’ പ്രദർശനത്തിനായി പ്രധാനമായും മാങ്ങകൾ എത്തിക്കുന്നത് ഉംലുജിലെ തോട്ടങ്ങളിൽ നിന്നാണ്. മാന്തോട്ടങ്ങൾക്ക് പുറമേ, ചില ഫാമുകളിൽ മരുഭൂമിയുടെ മധുരമായ ഈത്തപ്പനകളും പൂത്തുലഞ്ഞു നിൽക്കുന്നത് കാണാം. കൂടാതെ സന്ദർശകർക്ക് വേറിട്ട കാഴ്ചയൊരുക്കിക്കൊണ്ട് ആട്, കോഴി, പ്രാവ് തുടങ്ങിയ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വളർത്തുകേന്ദ്രങ്ങളും മിക്ക തോട്ടങ്ങളിലും ഒരുക്കിയിട്ടുണ്ട്. മാവുകൾക്ക് കൃത്യമായ പരിചരണം നൽകാൻ ഓരോ തോട്ടത്തിലും നിരവധി തൊഴിലാളികൾ പണിയെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

