പുനലൂർ സ്വദേശി ജുബൈലിൽ ഉറക്കത്തിൽ മരിച്ചു
text_fieldsജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ ഉറക്കത്തിൽ മരിച്ചു. ജുബൈൽ ജെ.ടി.ഇ കാർ വർക്ഷോപ്പിലെ ജീവനക്കാരനും കൊല്ലം പുനലൂർ വളക്കോട് പനങ്ങാട് ആലുംകീഴിൽ വീട്ടിൽ പരമു ആശാരിയുടെ മകനുമായ സുധാകരൻ (62) ആണ് മരിച്ചത്.
എല്ലാദിവസവും രാവിലെ സ്ഥാപനം തുറക്കാറുള്ള സുധാകരനെ കാണാഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് ചുമയും മറ്റ് അസ്വസ്ഥതകളും കാരണം അടുത്തുള്ള ആശുപത്രിയിൽ പോയിരുന്നു. എന്നാൽ പതിവായി കാണുന്ന ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ തേടാതെ മടങ്ങി. വെളുപ്പിന് രണ്ടിന് അടുത്ത റൂമിൽ പോയി ചൂടുവെള്ളം വാങ്ങി കുടിച്ചിരുന്നു.
പിറ്റേന്ന് രാവിലെ സ്ഥാപനം തുറക്കാൻ ആളിനെ കാണാതെ ആയപ്പോൾ കൂട്ടുകാർ ഫോണിൽ വിളിച്ചു. കിട്ടാത്തതിനെ തുടർന്ന് സ്പോൺസറേയും കൂട്ടി താമസസ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സുധാകരനും സഹോദരൻ സുമേഷും ഒരേ മുറിയിലാണ് താമസം. രണ്ടു ദിവസമായി സുമേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
10 വർഷമായി ജുബൈലിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയായതായി പ്രവാസി വെൽഫെയർ ജീവകാരുണ്യ വിഭാഗം കൺവീനർ സലിം ആലപ്പുഴ പറഞ്ഞു. സുധാകരന്റെ ഭാര്യ: പ്രസന്ന. മാതാവ്: രാജമ്മ. സഹോദരങ്ങൾ: സുഗതൻ (പരേതൻ), ഉഷ, സുഷ, സുരേഷ് കുമാർ, സൂര്യകല, സുജാത, സുനിൽ, സുധീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

