മണ്ണാർക്കാട് സ്വദേശി സൗദിയിലെ ത്വാഇഫിനടുത്ത് വാഹനാപകടത്തിൽ മരിച്ചു
text_fieldsഉബൈദ്
ത്വാഇഫ്: സൗദി അറേബ്യയിലെ ത്വാഇഫിനടുത്തുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി മരിച്ചു. തെങ്കര പഞ്ചായത്തിലെ മണലടി മഹല്ലിൽ പറശ്ശേരി ചേരിക്കല്ലൻ ഉബൈദ് (48) ആണ് മരിച്ചത്. ത്വാഇഫിലെ അസീസിയ്യയിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ത്വാഇഫ്-റിയാദ് ഹൈവേയിൽ റിള് വാനു സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാനും മറ്റൊരു ട്രൈലറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ദീർഘകാലമായി പ്രവാസിയായ ഉബൈദ്, കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിലുണ്ട്. നേരത്തെ ജിദ്ദയിലായിരുന്ന അദ്ദേഹം പിന്നീട് ത്വാഇഫിലേക്ക് മാറുകയായിരുന്നു. ഒരു വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
പരേതനായ ചേരിക്കല്ലൻ മുഹമ്മദ് (ബാപ്പുട്ടി) ആണ് പിതാവ്. ഭാര്യ: റംസി (കട്ടുപ്പാറ, തച്ചമ്പാറ), മക്കൾ: റന ഫാത്തിമ (15), അഷൽ മുഹമ്മദ് (12), ലൈഷ ഫാത്തിമ (ഏഴ്). ത്വാഇഫിലെ കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ചു മണ്ണാർക്കാട് മണലടി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. നടപടിക്രമങ്ങൾ കെ.എം.സി.സി ത്വാഇഫ് വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

