എ. മൂസയുടെ ആകസ്മിക മരണം ജിദ്ദയിലെ തനിമ പ്രവർത്തകർക്ക് നൊമ്പരമായി
text_fieldsഎ. മൂസ
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ നിര്യാതനായ കണ്ണൂർ താണ സ്വദേശി അലക്കലകത്ത് മൂസ (63) യുടെ ആകസ്മിക വേർപാട് തനിമ സാംസ്കാരിക വേദി പ്രവർത്തകർക്ക് നൊമ്പരമായി. ചൊവ്വാഴ്ച ഉച്ചക്ക് മക്രോണ സ്ട്രീറ്റിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനൽ ആശുപത്രിക്ക് മുമ്പിൽ റോഡ് മുറിച്ചുകടക്കവെ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
അപകട വിവരമറിഞ്ഞതുമുതൽ ആശുപത്രിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. 1978 ൽ സൗദിയിലെത്തിയ എ. മൂസ കിഴക്കൻ മേഖലയിൽ അരാംകോ കമ്പനിയിലായിരുന്നു ആദ്യ ജോലി. ശേഷം 10 വർഷത്തോളം യാംബു റോയൽ കമ്മീഷനിൽ ജോലി ചെയ്ത ശേഷം 1991 ലാണ് ഇദ്ദേഹം ജിദ്ദയിലെത്തുന്നത്. പിന്നീടുള്ള 29 വർഷക്കാലത്തിനിടയിൽ ദീർഘകാലം സൗദി കേബിൾ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സപ്പോർട്ട് സർവീസ് മാനേജറായി ജോലിചെയ്യുകയായിരുന്നു. നാല് പതിറ്റാണ്ടോളമുള്ള സൗദിയിലെ വാസത്തിനിടയിൽ ഇദ്ദേഹം തനിമ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയും പിന്നീട് സംഘടനയുടെ അമരക്കാരിൽ ഒരുവനായി മാറുകയായിരുന്നു.
സംഘടനയുടെ ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, കണ്ണൂർ ജില്ലാ വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്, അക്ഷരം വായനാവേദി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് ജിദ്ദയിലെ സാമൂഹിക കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിലെല്ലാം സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. ഏതൊരാളോടുമുള്ള നിഷ്കളങ്കമായ പുഞ്ചിരിയും വാൽസല്യവും സ്നേഹവുമാണ് ഇദ്ദേഹത്തെ വിത്യസ്തനാക്കിയിരുന്നത്.
ജിദ്ദയിലെ വേറിട്ട ഒരു കൂട്ടായ്മയായ മാനവീയം അദ്ദേഹത്തിൻെറ സംഭാവനയായിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ജാതി, മത, രാഷ്ട്രീയ സംഘടനാ വിത്യാസമില്ലാതെ നിരവധിയാളുകളെ സഹകരിപ്പിച്ചുകൊണ്ടാണ് ഈ കൂട്ടായ്മക്ക് അദ്ദേഹം ചുക്കാൻ പിടിച്ചത്. കൂട്ടായ്മയുടെ പേരിൽ യാത്രകൾ, ഓണം, വിഷു, പെരുന്നാൾ, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ആഘോഷങ്ങൾ, പൊതു വിഷയങ്ങളിലുള്ള സെമിനാർ, സിമ്പോസിയം, ടേബിൾ ടോക്ക് തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സഹപ്രവർത്തകരോടൊപ്പം മുൻ നിരയിലുണ്ടാവുമായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും സ്വന്തം കുടുംബവും എല്ലാവിധ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം ഉണ്ടാവുമായിരുന്നു.
ശബ്ദമാധുര്യത്തോടെയുള്ള ഖുർആൻ പാരായണം, ബാങ്ക് വിളി, ഗാനരചന, ഗാനാലാപനം തുടങ്ങി സർഗാത്മക രംഗങ്ങളിലും ഇദ്ദേഹവും കുടുംബവും തിളങ്ങി നിന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്നു. ഭാര്യ റുക്‌സാന തനിമ ജിദ്ദ സൗത്ത് സോൺ വനിതാ വിഭാഗം പ്രസിഡൻറാണ്. മൂത്ത മകൻ റയ്യാൻ മൂസ ജുബൈലിൽ യൂത്ത് ഇന്ത്യ പ്രസിഡന്റും ഇളയ മകൻ റുഹൈം മൂസ സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ സൗത്ത് പ്രസിഡൻറുമാണ്. മറ്റു മക്കളായ അബ്ദുൽ മുഈസ് ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥിയും മകൾ നൗഷിൻ ഡോക്ടറുമാണ്.
എല്ലാവിധ നിയമനടപടികളും പൂർത്തിയാക്കി മൂസയുടെ മയ്യിത്ത് ബുധനാഴ്ച ജിദ്ദ റുവൈസിലെ മഖ്ബറയിൽ ഖബറടക്കി. കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ട് പോലും സാമൂഹ്യ അകലമുൾപ്പെടെ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ഖബറടക്ക ചടങ്ങിൽ നിരവധി ആളുകൾ ഒരുമിച്ചുകൂടി എന്നത് തന്നെ അദ്ദേഹത്തിെൻറ വിശാല വ്യക്തിബന്ധത്തിെൻറ നേർക്കാഴ്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

