പി.എം.എഫ് മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര
text_fieldsപി.എം.എഫ് മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര സംഘം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്റെ (പി.എം.എഫ്) ഇടയത്താഴ, റമദാൻ കിറ്റ് വിതരണം ആദ്യ ഘട്ടത്തിന് തുടക്കമായി. മരുഭൂമിയിലെ പ്രവാസികൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ എന്ന പേരിലാണ് ഈ സാന്ത്വന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. റമദാൻ 30 ദിവസവും നീണ്ടുനിൽക്കുന്ന ഇടയത്താഴ വിതരണത്തിന് കോഓഡിനേറ്റർ ബഷീർ സാപ്റ്റ്കോ നേതൃത്വം നൽകുന്നു. എല്ലാ ദിവസവും രാത്രികാലങ്ങളിൽ പെട്രോൾ പമ്പ് ജീവനക്കാർ, കുറഞ്ഞ ശമ്പളക്കാർ, ലേബർ ക്യാമ്പുകളിലെ പ്രവാസികൾ എന്നിവർക്കാണ് ഭക്ഷണം എത്തിച്ചുനൽകുന്നത്. അരിയടക്കം 14 ഇനം അവശ്യ സാധനങ്ങളടങ്ങിയ റമദാൻ കിറ്റുകളുടെ വിതരണോദ്ഘാടനം പി.എം.എഫ് സെൻട്രൽ കമ്മിറ്റി മുതിർന്ന അംഗങ്ങളായ ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷതവഹിച്ചു. റമദാൻ സാന്ത്വന കമ്മിറ്റി കൺവീനർ സഫീർ അലി തലാപ്പിൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ റമദാൻ സന്ദേശം നൽകി. ലേബർ ക്യാമ്പുകളിൽ കഴിയുന്ന തുച്ഛമായ വരുമാനമുള്ള വനിത ജീവനക്കാർക്കായി മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കിറ്റ് വിതരണ പദ്ധതിക്കും തുടക്കമിട്ടു.
സിമി ജോൺസൺ, സുനി ബഷീർ, സുരേഷ് ശങ്കർ, ശരീഖ് തൈക്കണ്ടി, ഷിബു ഉസ്മാൻ, യാസിർ അലി, ജോൺസൺ മാർക്കോസ്, കെ.ജെ. റഷീദ്, ജിബിൻ സമദ് കൊച്ചി, ഷിബു ഉസ്മാൻ, ശ്യാം വിളക്കുപാറ, ബിനോയ് മത്തായി, മുഹമ്മദ് ഖാൻ, ബിനു കെ. തോമസ്, ഷാജഹാൻ ചാവക്കാട്, സിയാദ് വർക്കല എന്നിവർ ആശംസകൾ നേർന്നു.
കേരളത്തിലെ 14 ജില്ലകളിലുമുള്ള നിർധനരായ വൃക്കരോഗബാധിതർക്ക് ഈ വർഷത്തെ റമദാൻ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ കാൻസർ രോഗികൾക്കും മറ്റു ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ചികിത്സ സഹായം ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

