എട്ടു വർഷമായി നാട്ടിൽ പോകാത്ത മലയാളിയെ സൗദിയിൽ കാണാതായി
text_fieldsഅബ്ദുസ്സലാം കമ്പ്ര
റിയാദ്: എട്ടു വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത മലയാളിയെ സൗദി അറേബ്യയിൽ കാണാതായി. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് സ്വദേശി അബ്ദുസ്സലാം കമ്പ്രയെ (53) കുറിച്ചാണ് 10 മാസമായി വിവരമില്ലെന്ന് നാട്ടിലുള്ള കുടുംബം പരാതിപ്പെടുന്നത്. 16 വർഷം മുമ്പാണ് ആദ്യമായി സൗദിയിലേക്കു പുറപ്പെട്ടത്. ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ പലതവണ അവധിക്ക് നാട്ടിൽ പോയി വന്നിട്ടുണ്ട്.
എന്നാൽ, അവസാനമായി എട്ടു വർഷം മുമ്പ് അവധിക്കു പോയി മടങ്ങിയതിനുശേഷം നാട്ടിൽ പോയിട്ടില്ല. ഒരു വർഷം മുമ്പ് പിതാവ് സൈതലവി കമ്പ്ര മരിച്ചപ്പോഴും ചെന്നിരുന്നില്ല. നിയമപ്രശ്നങ്ങൾമൂലം യാത്രചെയ്യാൻ പറ്റാത്തതായിരിക്കും എന്നാണ് കുടുംബം കരുതുന്നത്.
അവസാനമായി നാട്ടിൽ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചത് 10 മാസം മുമ്പാണ്. ആയിടക്ക് മകൻ സൽമാനെ വിളിച്ച് ഉടൻ നാട്ടിൽ വരുമെന്നും അതിനായി പൊലീസിൽ പിടിത്തം കൊടുത്ത് ജയിലിൽ കഴിയാൻ പോവുകയാണെന്നും പറഞ്ഞിരുന്നു. അതാണ് അവസാനമായി സംസാരിച്ചത്. അതിനുശേഷം വിളിച്ചിട്ടില്ല. പിന്നീട് ആ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല.
ആ ഫോൺനമ്പർ പ്രവർത്തനരഹിതമാണ്. അതിനുശേഷം 10 മാസമായി. കുടുംബം പലരീതിയിൽ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. സൗദിയിലുള്ള ബന്ധുക്കളും അയൽക്കാരും നാട്ടുകാരും വഴി അന്വേഷണം തുടരുകയാണ്.
ഉമ്മ നഫീസ സൈതലവിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കണ്ണീരോടെ കാത്തിരിക്കുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് വിവരം കിട്ടുന്നവർ രാധാകൃഷ്ണൻ (0572760702), ഷാഫി (0557423404), കലാം (0539270102), കബീർ പള്ളിയാളി (0091 9744050553) എന്നിവരെ ബന്ധപ്പെട്ട് അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.

