മണലാരണ്യങ്ങളിലൂടെ ഒരു ഏകാന്ത പഥികൻ
text_fields1 യാത്രക്കിടയിൽ വിശ്രമത്തിനായി വണ്ടിയൊതുക്കിയപ്പോൾ, 2. അഫ്സൽ പകർത്തിയ ചിത്രം
അഫ്സൽ
റിയാദ്: സൗദി അറേബ്യയുടെ വിശാലമായ മണലാരണ്യങ്ങളിലൂടെയും മലനിരകളിലൂടെയും ഏകനായി യാത്ര ചെയ്ത് പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും ശ്രദ്ധേയനാവുകയാണ് മലയാളി യുവാവ് അഫ്സൽ സലീം. തിരുവനന്തപുരം വെഞ്ഞാറുമൂട് തേമ്പാമൂട് സ്വദേശിയായ അഫ്സൽ കഴിഞ്ഞ 17 വർഷമായി സൗദിയുടെ മുക്കുമൂലകളിലൂടെ തെൻറ സോളോ ട്രിപ്പുകൾ തുടരുകയാണ്. മറ്റൊരു ഇഷ്ട വിനോദമായ ഫോട്ടോഗ്രാഫിയും യാത്രയുടെ ഭാഗമാണ്. റിയാദിലെ ഇന്ത്യൻ സ്കൂളിൽ 10-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഫ്സൽ തെൻറ യാത്രാപ്രേമം തിരിച്ചറിയുന്നത്. അവധി ദിവസങ്ങളിൽ പിതാവിെൻറ വാഹനവുമായി റിയാദിന് അടുത്തുള്ള പ്രദേശങ്ങൾ സന്ദർശിച്ചായിരുന്നു തുടക്കം. 2000 മോഡൽ ഹ്യുണ്ടായ് അക്സൻറ് കാറിൽ തുമാമ മരുഭൂ പ്രദേശത്തായിരുന്നു ആദ്യ യാത്രകൾ. 12-ാം ക്ലാസിനുശേഷം നാട്ടിൽ പോയി ബിരുദം പൂർത്തിയാക്കി തിരിച്ചെത്തിയതോടെയാണ് സൗദിയുടെ വിദൂര ദിക്കുകളിലേക്ക് യാത്രകൾ വ്യാപിപ്പിച്ചത്.
യാത്രകൾക്കായി രണ്ട് പ്രത്യേക വാഹനങ്ങളാണ് അഫ്സൽ ഉപയോഗിക്കുന്നത്. ദീർഘദൂര യാത്രകൾക്കായി 2006 മോഡൽ ഫോർഡ് ക്രൗൺ വിക്ടോറിയ കാറും, ഓഫ്-റോഡ് സാഹസികതയ്ക്കായി ജപ്പാനിൽ നിന്ന് എത്തിച്ച പ്രത്യേക എൻജിൻ ഘടിപ്പിച്ച 1995 മോഡൽ ജീപ്പും അദ്ദേഹം സജ്ജമാക്കിയിട്ടുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾ സ്വന്തമായി ചെയ്യുന്ന അഫ്സൽ, യാത്രയ്ക്ക് ആവശ്യമായ ആൾട്ടറേഷൻ പണികളെല്ലാം സ്വയം നിർവഹിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഓൺലൈനായി വാങ്ങുന്ന ഉപകരണങ്ങൾ ഘടിപ്പിക്കാൻ സ്വന്തമായി ഒരു വർക്ക്ഷോപ്പ് തന്നെ ഇദ്ദേഹത്തിനുണ്ട്. റിയാദിലെ റോട്ടാന കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്ന അഫ്സൽ, ആഴ്ചയിലുള്ള രണ്ട് ദിവസത്തെ അവധിയിലാണ് തെൻറ വലിയ യാത്രകൾ ഷെഡ്യൂൾ ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി പുറപ്പെട്ട് ശനിയാഴ്ച രാത്രി തിരിച്ചെത്തുന്ന രീതിയിൽ ഏകദേശം 3200 കിലോമീറ്റർ അദ്ദേഹം ഒറ്റയ്ക്ക് വാഹനം ഓടിക്കാറുണ്ട്. സൗദി-ജോർഡാൻ അതിർത്തിയിലുള്ള ഹഖ്ൽ വരെ നീളുന്ന ഇത്തരം യാത്രകളിൽ വാഹനത്തിനുള്ളിലോ ടെൻറിലോ ആണ് വിശ്രമവും രാത്രി ഉറക്കവും. വാഹനത്തിൽ തന്നെ സജ്ജീകരിച്ച അടുക്കളയിൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യുന്നു. അബഹയിലെ ഹൈഫ മലനിരകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമെന്ന് അഫ്സൽ പറയുന്നു.
യാത്രകൾക്കൊപ്പം മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയായ ഇദ്ദേഹം സൗദിയിൽ ഡ്രോൺ പറത്താൻ ലൈസൻസുള്ള വ്യക്തിയാണ്. റിയാദ് ലുലു ഗ്രൂപ്പിെൻറ ഡ്രോൺ ഷൂട്ടറായും പ്രവർത്തിക്കുന്നു. ഹുറൈമലയിലെ ഖറീനയിൽ സൗദിയിലെ ആദ്യത്തെ കാറ്റാടി യന്ത്രം സ്ഥാപിച്ചപ്പോൾ അത് കാമറയിൽ പകർത്തി പുറംലോകത്തെ അറിയിച്ചത് അഫ്സലായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ അഫ്സലിെൻറ ചിത്രങ്ങളും വീഡിയോകളും കണ്ട് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ട്രാവൽ ബ്ലോഗർമാർ പോലും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാൻ താത്പര്യം പ്രകടിപ്പിക്കാറുണ്ട്.
യാത്രക്കിടയിൽ വഴിയരികിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളെ സഹായിക്കാനും സമയം കണ്ടെത്താറുണ്ട്. മൂന്ന് വർഷം മുമ്പ് വിവാഹിതനായ അഫ്സലിെൻറ യാത്രകളിൽ ചിലപ്പോൾ ഭാര്യ മുബിയും പങ്കുചേരാറുണ്ട്. 40 വർഷമായി ഗൾഫിലുള്ള മുംതാസ് ഹോട്ടൽ ഉടമ അബ്ദുൽ കരീം സലീമാണ് പിതാവ്. ഷാജിറ ബീവി (മാതാവ്), മകൾ ന്യൂഹ, സഹോദരൻ അസ്ഹർ, സഹോദരി മുംതാസ് എന്നിവരടങ്ങുന്നതാണ് കുടുംബം. സൗദിക്കപ്പുറം ജോർഡൻ, ഇറാഖ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ മോട്ടോർ വാഹനത്തിൽ യാത്ര ചെയ്യാനാണ് അഫ്സൽ ഇപ്പോൾ ലക്ഷ്യമിടുന്നത്. തിരക്കില്ലാത്ത പുതിയ പുതിയ ഇടങ്ങൾ തേടിയുള്ള അഫ്സലിെൻറ യാത്രകൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

