മീഖാത്ത് അൽ ജുഹ്ഫയിൽ വൻ പുരാവസ്തു ശേഖരം; 1700 ഓളം അവശിഷ്ടങ്ങളും ഉമവിയ്യ, അബ്ബാസിയ കാലഘട്ടത്തിലെ ശവകുടീരങ്ങളും കണ്ടെത്തി
text_fieldsഅൽ ജുഹ്ഫ പുരാവസ്തു സ്ഥലത്ത് പര്യവേക്ഷണത്തിലേർപ്പെട്ട ഗവേഷകർ
ജിദ്ദ: സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ മീഖാത്ത് അൽ ജുഹ്ഫ പുരാവസ്തു കേന്ദ്രത്തിൽ നടത്തിയ ആദ്യഘട്ട പര്യവേക്ഷണത്തിൽ 1700-ലധികം പൗരാണികവസ്തുക്കൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമീഷൻ അറിയിച്ചു. ബ്രിട്ടനിലെ യൂനിവേഴ്സിറ്റി ഓഫ് എക്സെറ്ററുമായി സഹകരിച്ച് കമീഷൻ നടത്തിയ ഗവേഷണ പഠനങ്ങളിലാണ് പൗരാണിക കാലത്തെ മൺപാത്രങ്ങൾ, അപൂർവ കരകൗശല വസ്തുക്കൾ, ഗ്ലാസ് അവശിഷ്ടങ്ങൾ, വിവിധതരം ശിലകൾ, കടൽ ഷെല്ലുകൾ എന്നിവ ഖനനത്തിലൂടെ കണ്ടെടുത്തത്.
ഇതിനുപുറമേ, വിവിധ കാലഘട്ടങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ലോഹങ്ങൾ, മുത്തുകൾ, ആറ് മൺപാത്ര ചൂളകൾ എന്നിവയും ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നടത്തിയ പഠനങ്ങളിൽ 13 പുരാതന ശവകുടീരങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന് ഇസ്ലാമിക ചരിത്രത്തിലെ ഉമവിയ്യ, അബ്ബാസിയ ഭരണകാലത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
ഇവിടെനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളിൽ ചിലത് പൗരാണിക കാലത്ത് ശാം (സിറിയ), ഈജിപ്ത്, അബിസീനിയ (ഇത്യോപ്യ) തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേർന്നതാണെന്നാണ് ഗവേഷകരുടെ നിഗമനം. ഇത് ഈ പ്രദേശത്തിെൻറ ചരിത്രപരമായ വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നു.മക്കയിൽ നിന്ന് 187 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ചരിത്രപ്രസിദ്ധമായ മീഖാത്ത് അൽ ജുഹ്ഫ സ്ഥിതിചെയ്യുന്നത്. ലഭ്യമായ ചരിത്ര സ്രോതസ്സുകൾ പ്രകാരം ഹിജ്റ രണ്ടാം നൂറ്റാണ്ടിലാണ് ഈ പ്രദേശം വലിയ രീതിയിൽ അഭിവൃദ്ധി പ്രാപിച്ചത്. ജലലഭ്യത ഉറപ്പുവരുത്തിയതും തീർഥാടകർക്കായി വിപുലമായ കടകമ്പോളങ്ങൾ സ്ഥാപിച്ചതുമാണ് ജുഹ്ഫയുടെ വളർച്ചയ്ക്ക് കാരണമായത്. പ്രത്യേകിച്ച് ഈജിപ്തിൽ നിന്ന് ഹജ്ജ് കർമത്തിനായി എത്തിയിരുന്ന തീർഥാടകരുടെ പ്രധാന താവളമായിരുന്നു ഈ പ്രദേശം.
ആദ്യകാല ഇസ്ലാമിക ചരിത്രം മുതൽക്കുള്ള സ്ഥിരം മീഖാത്തുകളിൽ ഒന്നായ അൽ ജുഹ്ഫയുടെ ചരിത്രപരമായ പ്രാധാന്യം അടിവരയിടുന്നതാണ് പുതിയ കണ്ടെത്തലുകൾ. പ്രവാചകൻ മുഹമ്മദ് നബി ചരിത്രപ്രസിദ്ധമായ ഹിജ്റ വേളയിൽ കടന്നുപോയ സ്ഥലം എന്ന നിലയിലും അൽ ജുഹ്ഫയ്ക്ക് അതീവ പ്രാധാന്യമുണ്ട്.
രാജ്യത്തിെൻറ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സൗദി ഹെറിറ്റേജ് കമീഷൻ നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഫലമാണ് ഈ കണ്ടെത്തൽ. അത്യാധുനിക സർവേയിങ്, ഡോക്യുമെേൻറഷൻ, തിരിച്ചറിയൽ വിശകലന സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ഇത്തരം പുരാവസ്തു സ്ഥലങ്ങളുടെ കൃത്യമായ ചരിത്രപരവും സാംസ്കാരികവുമായ കാലഗണന വെളിപ്പെടുത്താനാണ് കമീഷൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

