സൗദിയിൽ ഉപയോഗിച്ച വാഹന ഓയിൽ ശേഖരിച്ച് പുതിയ പാക്കറ്റിൽ വിൽക്കുന്ന സംഘം പിടിയിൽ
text_fieldsറിയാദ്: വാഹനങ്ങളിൽ നിന്നൊഴിവാക്കുന്ന ഓയിൽ ശേഖരിച്ച് പുതിയ പാക്കറ്റുകളിൽ നിറച്ച് വിൽപന നടത്തിവരുന്ന സംഘം പിടിയിലായി. വാണിജ്യ മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമാണ് പ്രമുഖ ബ്രാൻഡുകളെന്ന വ്യാജേന ഉപയോഗിച്ച ഓയിൽ വിൽപന നടത്തിയ ഏഷ്യക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും റിയാദ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്.
വിൽപനക്ക് തയാറായ 170 ബോട്ടിലുകൾ, നിറക്കാൻ ഒരുക്കിയ 400 ബോട്ടിലുകൾ, 4,000 തെർമൽ പാക്കേജിങ് ലിഡുകൾ, സ്റ്റിക്കറുകൾ എന്നിവയാണ് പിടികൂടിയത്. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് തടയാനാവശ്യമായ നടപടികൾ മന്ത്രാലയം സ്വീകരിച്ചു.
റിയാദിന്റെ മധ്യഭാഗത്ത് നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിലാണ് ഇവ നിർമിച്ചിരുന്നത്. കേന്ദ്രം പിന്നീട് അടച്ചുപൂട്ടി. നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വാണിജ്യ വഞ്ചനക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനും ഉടമകളെ വിളിച്ചുവരുത്തിയിട്ടുണ്ട്. വാണിജ്യ വഞ്ചന തടത്തിയവർക്കെതിരെ നിയമപരമായ പിഴകൾ പ്രയോഗിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും വാണിജ്യവഞ്ചന നടത്തുന്നവർക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്നുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

