ചെങ്കടലിന്‍റെ അൽ ലൈത്ത് തീരങ്ങളിൽ വിരുന്നെത്തി ഡോൾഫിൻ കൂട്ടം
text_fieldsചെങ്കടലിന്‍റെ അൽ ലൈത്ത് ഭാഗങ്ങളിൽ വിരുന്നെത്തിയ ഡോൾഫിൻ കൂട്ടം
ജിദ്ദ: മക്കയുടെ തെക്കൻ തീരപ്രദേശമായ അൽ ലൈത്തിൽ കടൽ വിസ്മയമൊരുക്കി ഡോൾഫിനുകളുടെ കൂട്ടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അൽ ലൈത്തിലെ കടൽതീരങ്ങളിലും ഉൾക്കടലിലെ ജലപാതകളിലും കൂട്ടമായെത്തുന്ന ഡോൾഫിനുകൾ വിനോദസഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും നയനമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
കടൽപരപ്പിൽ ഉയർന്നുചാടിയും വട്ടംചുറ്റിയും ഡോൾഫിനുകൾ നടത്തുന്ന പ്രകടനങ്ങൾ കാണാൻ നൂറുകണക്കിന് സന്ദർശകരാണ് ഇവിടെ എത്തുന്നത്. ചുവന്ന കടലിന്‍റെ തെളിഞ്ഞ നീലജലത്തിൽ ഡോൾഫിനുകൾ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മേഖലയുടെ ടൂറിസം സാധ്യതകൾക്ക് വലിയ ഊർജം പകരുന്നതാണ് ഈ പ്രതിഭാസമെന്ന് വിലയിരുത്തപ്പെടുന്നു.
അൽ ലൈത്ത് ദ്വീപുകൾക്ക് ചുറ്റുമുള്ള സമുദ്ര ആവാസവ്യവസ്ഥ അതീവ ആരോഗ്യകരമാണ് എന്നതിന്‍റെ തെളിവാണ് ഡോൾഫിനുകളുടെ ഈ വൻതോതിലുള്ള സാന്നിധ്യം. വന്യജീവി സംരക്ഷണത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സൗദി അറേബ്യ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളുടെ വിജയം കൂടിയാണിത്. പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാരം വികസിപ്പിക്കുക എന്ന സൗദി വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങളുമായി ഈ മുന്നേറ്റം ചേർന്നുനിൽക്കുന്നു.
മറൈൻ ടൂറിസം, പ്രകൃതി പര്യവേഷണം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നിവക്ക് അൽ ലൈത്തിൽ വലിയ സാധ്യതകളുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്‍റെ ആഗോള ഭൂപടത്തിൽ അൽ ലൈത്തിനെ അടയാളപ്പെടുത്താൻ ഈ സാഹചര്യം സഹായിക്കും. പ്രകൃതി സംരക്ഷണവും വിനോദവും എങ്ങനെ സമന്വയിപ്പിക്കാം എന്നതിന്‍റെ മികച്ച മാതൃകയായി ഈ തീരം മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

