അൽ യമാമ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം
text_fieldsഅറേബ്യൻ കുതിരകളുടെ അകമ്പടിയിൽ അൽ യമാമ കൊട്ടാരത്തിലേക്ക് ഡോണൾഡ് ട്രംപ് എത്തുന്നു
റിയാദ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് സൗദി ഭരണസിര കേന്ദ്രമായ റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം. അറേബ്യൻ കുതിരകളുടെ അകമ്പടിയിൽ രാജകീയ പ്രൗഢിയിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചത്. അന്തരീക്ഷത്തിൽ സൗദി, യു.എസ് ദേശീയ ഗാനങ്ങൾ മുഴങ്ങി.
ഗവർണർമാർ, മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമ പ്രമുഖർ എന്നിവരുമായി അമേരിക്കൻ പ്രസിഡൻറ് ഹസ്തദാനം നടത്തി.
ട്രംപിനൊപ്പമെത്തിയ പ്രതിനിധി സംഘത്തിലെ അമേരിക്കൻ ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും സൗദി കിരീടാവകാശി ഹസ്തദാനം നടത്തി.
ശേഷം ഇരു നേതാക്കളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. അമേരിക്കൻ കോടീശ്വരൻ എലോൺ മസ്ക്, ദറഇയ ഹോൾഡിങ് സി.ഇ.ഒ ജെറി ഇൻസെറില്ലോ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫന്റിനോ, റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ്, ബ്ലാക്സ്റ്റോൺ ഗ്രൂപ് സി.ഇ.ഒ സ്റ്റീഫൻ ഷ്വാർസ്മാൻ, ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തെ ‘ചരിത്രപരം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
എം.ബി.എസുമായി നല്ല ബന്ധമെന്ന് ട്രംപ്
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റിയാദിലെ അൽ യമാമ കൊട്ടാരത്തിലെ സ്വീകരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റിയാദ് അൽ യമാമ കൊട്ടാരത്തിലെ കൂടിക്കാഴ്ചക്കിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
സ്വീകരണത്തിന് സൗദി കിരീടാവകാശിക്ക് ട്രംപ് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ ബന്ധത്തെ പ്രശംസിച്ചു. സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

