സന്ദർശന വിസക്കാർക്ക് ഹജ്ജിന് സൗകര്യമൊരുക്കിയാൽ ഒരു ലക്ഷം റിയാൽ പിഴ
text_fieldsജിദ്ദ വഴിയെത്തിയ ആദ്യ തീർഥാടകരായ ബംഗ്ലാദേശി സംഘത്തെ സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലെ അൽ ജാസിറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
ജിദ്ദ: അനുമതി പത്രമുള്ളവർക്ക് മാത്രം ഹജ്ജ് ചെയ്യാൻ പൂർണമായും കഴിയുന്ന വിധത്തിൽ ശക്തമായ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കി. നിയമവിരുദ്ധമായി ഹജ്ജ് നിർവഹിക്കുന്നതിന് വിസിറ്റ് വിസ ഉടമകൾക്ക് അഭയമോ ഗതാഗതമോ നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയാണ് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയത്. ഹജ്ജ് നിർവഹിക്കുന്നതിന് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കും അത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് സൗകര്യ മൊരുക്കുന്നവർക്കും ആഭ്യന്തര മന്ത്രാലയം ഭീമമായ തുകയാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്.
വിസിറ്റ് വിസയിൽ എത്തുന്നവർക്ക് വേണ്ട രീതിയിൽ സൗകര്യമൊ രുക്കുന്നവർക്കും വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഹജ്ജ് നിർവഹിക്കുന്നതിന് രാജ്യത്ത് തങ്ങുന്നവർക്കും പിഴ ചുമത്തും. വൻ പിഴ ഒടുക്കേണ്ടിവരുന്ന തീരുമാനം കർശനമായി പ്രാവർത്തികമായാൽ നിയമലംഘകർ പൂർണമായും ഇല്ലാതാകുമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ.
ദുൽഖഅദ് 1 മുതൽ ദുൽഹജ്ജ് 14 വരെയുള്ള കാലയളവിൽ നിയമലംഘകർക്ക് ബാധകമാകുന്ന ശിക്ഷകളെക്കുറിച്ച് മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് പരമാവധി 20,000 റിയാൽ പിഴ ചുമത്തും. മക്ക നഗരത്തിലും പുണ്യസ്ഥല ങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന എല്ലാത്തരം സന്ദർശക വിസക്കാർക്കും ഇതേ ശിക്ഷ തന്നെ ലഭിക്കും.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിച്ചതോ ശ്രമിച്ചതോ ആയ വ്യക്തിക്ക്, അല്ലെങ്കിൽ നിർദിഷ്ട കാലയളവിൽ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിച്ചതോ താമസിച്ചതോ ആയ വ്യക്തിക്ക് പരമാവധി 100,000 റിയാൽ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കും.
നിർദ്ദിഷ്ട കാലയളവിൽ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും, ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ ഭവനങ്ങൾ, ഷെൽട്ടറുകൾ അല്ലെങ്കിൽ ഹജ്ജ് തീർഥാടകരുടെ താമസ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും താമസസ്ഥലങ്ങളിൽ വിസിറ്റ് വിസക്കാർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്കും 100,000 റിയാൽ പിഴ ചുമത്തും. നിയമലംഘകർക്ക് അഭയം നൽകുകയോ അവരെ ഒളിവിൽ താമസിപ്പിക്കുകയോ മറ്റുവിധത്തിൽ സഹായിക്കുകയോ ചെയ്യുന്ന ഓരോ വ്യക്തിക്കും പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ രാജ്യത്ത് താമസക്കാരായാലും അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും. മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും സന്ദർശന വിസ ഉടമകളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നടപടികൾ ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

