ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം പൂർണമായും നടപ്പാക്കേണ്ടതുണ്ട് -സൗദി വിദേശകാര്യ മന്ത്രി
text_fieldsദക്ഷിണാഫ്രിക്കയിൽ ‘ജി20’ രാജ്യങ്ങളിലെ വിദേശകാര്യ
മന്ത്രിമാരുടെ യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം പൂർണമായും നടപ്പാക്കേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ‘ജി20’ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സിറിയയിൽ രാഷ്ട്രീയ, സാമൂഹിക സ്ഥിരത കൈവരിക്കുന്നത് സാമ്പത്തികമായി നല്ല സ്ഥിതി വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും പുനർനിർമാണത്തിന് പുറമേ ഉപരോധം നീക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ദീർഘകാല സമാധാനവും സുരക്ഷിതത്വവും നൽകുന്ന ഒരു ചട്ടക്കൂടിനുള്ളിൽ ഫലസ്തീനികളുടെ സ്വയം നിർണയാവകാശം ഉറപ്പാക്കണം. ഗസ്സയിലെ യുദ്ധം അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും മുഴുവൻ ആളുകളും പ്രയാണം ചെയ്യുന്നതിനും കാരണമായി. അതിനാൽ ഗസ്സയിലെ ആളുകൾക്ക് നിയന്ത്രണങ്ങളില്ലാതെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിവരണം. വീടുകളും മറ്റു സൗകര്യങ്ങളും പുനർനിർമിക്കപ്പെടണം. ഇതാണ് ഏറ്റവും അത്യാവശ്യമായി നടക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശാശ്വത പരിഹാരം മേഖലയിൽ സ്ഥിരത കൈവരിക്കുന്നതിനുള്ള താക്കോലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

