എ, ബി ഡിവിഷൻ സെമിഫൈനൽ ലൈനപ്പായി
text_fieldsജിദ്ദയിൽ നടക്കുന്ന സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ആഴ്ച നടന്ന മത്സരങ്ങളിൽ നിന്ന്
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിെൻറ ആവേശകരമായ ലീഗ്, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ എ, ബി ഡിവിഷനുകളിലെ സെമിഫൈനൽ ചിത്രം വ്യക്തമായി. ടൂർണമെൻറിലെ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച കിങ് അബ്ദുള്ള യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. എ ഡിവിഷനിൽ റിയൽ കേരള എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി, സാബിൻ എഫ്.സി, മഹ്ജർ എഫ്.സി ടീമുകളും, ബി ഡിവിഷനിൽ ന്യൂ കാസിൽ എഫ്.സി, എ.സി.സി - ബി, യാസ് എഫ്.സി, ഫാൽക്കൺ എഫ്.സി ടീമുകളുമാണ് സെമിയിൽ പ്രവേശിച്ചത്.
എ ഡിവിഷനിലെ അവസാന ലീഗ് മത്സരങ്ങളിൽ എച്ച്.എം.ആർ റിയൽ കേരള എഫ്.സിയും അർകാസ് ബ്ലാസ്റ്റേഴ്സ് എഫ്.സിയും വിജയം നേടി. എഫ്.സി യാംബുവിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് റിയൽ കേരള സെമിയിലെത്തിയത്. മത്സരത്തിലെ മികച്ച താരമായ വി.പി സുഹൈറിന് ചാംസ് മാർക്കറ്റിങ് മാനേജർ ഫഹദ് നീലാമ്പ്ര അവാർഡ് സമ്മാനിച്ചു.
എ ഡിവിഷൻ മറ്റൊരു മത്സരത്തിൽ അർകാസ് ബ്ലാസ്റ്റേഴ്സ് എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ മഹ്ജർ എഫ്.സിയെ പരാജയപ്പെടുത്തി. മുഹമ്മദ് ജിയാദ് (2), ആദിൽഷാൻ എന്നിവർ ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് വേണ്ടി ഗോളുകൾ നേടി. മത്സരത്തിലെ കേമനായ മുഹമ്മദ് ജിയാദിന് സിഫ് എക്സിക്യൂട്ടീവ് അംഗം എ.ടി ഹൈദർ മമ്പാട് പുരസ്കാരം നൽകി.
ബി ഡിവിഷനിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ഐ.ടി സോക്കർ എഫ്.സിയെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് എ.സി.സി എഫ്.സി - ബി സെമിയിലെത്തി. മികച്ച താരം സുഹൈൽ പീടികയിലിന് ഡോ. ഇന്ദു ചന്ദ്ര ട്രോഫി സമ്മാനിച്ചു. മൂന്നാം ക്വാർട്ടർ ഫൈനലിൽ അൽ ഫിഫി ജിദ്ദ എഫ്.സിയെ തോൽപിച്ച് യാസ് എഫ്.സി സെമിയിൽ കടന്നു. ഫാസിൽ കൊണ്ടോട്ടിക്ക് പറമ്പൻ കുഞ്ഞാലി ട്രോഫി നൽകി.
അവസാന ക്വാർട്ടർ ഫൈനലിൽ റെഡ് സീ ബ്ലാസ്റ്റേഴ്സിനെ ഒരു ഗോളിന് തോൽപിച്ച് ഫാൽക്കൺ എഫ്.സി സെമി ഉറപ്പിച്ചു. കമാലുദ്ദീനാണ് ഏക ഗോൾ നേടിയത്, അദ്ദേഹത്തിന് ഹനീഫ കടമ്പോട്ട് ട്രോഫി സമ്മാനിച്ചു.
അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ബി ഡിവിഷനിൽ ന്യൂകാസിൽ എഫ്.സി, എ.സി.സി എഫ്.സി ബിയുമായും, യാസ് എഫ്.സി, ഫാൽക്കൺ എഫ്.സിയുമായും ഏറ്റുമുട്ടും. എ ഡിവിഷനിൽ റിയൽ കേരള എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായും മഹ്ജർ എഫ്.സി, സാബിൻ എഫ്.സിയുമായും മാറ്റുരക്കും.
ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ സഹൽ അബ്ദുൽ സമദ്, വി.പി സുഹൈർ, മുഹമ്മദ് സനാൻ, സുഹൈൽ, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാൻ അലി, ഈസ്റ്റ് ബംഗാൾ താരം അമൻ, മുഹമ്മദൻസ് താരം നിഷാദ് മാവൂർ, കാലിക്കറ്റ് എഫ്.സിയുടെ മുഹമ്മദ് മുർഷിദ്, സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് ജിയാദ്, അഫ്ദൽ മുത്തു എന്നിവരും മണിപ്പൂരി താരങ്ങളായ അല്ലൻ ക്യാമ്പർ, ഒവാനിജു പാജു, ദാമൻ ചൈൻ, ഷാജഹാൻ മുഹമ്മദ് എന്നിവർ വിവിധ ടീമുകൾക്കായി അണിനിരക്കും.
ടൂർണമെൻറിെൻറ ഭാഗമായി നടന്ന വിവിധ ചടങ്ങുകളിൽ ഷലീഫ്, ഷാഹുൽ, പ്രവീൺ, ഹാരിസ് കൊന്നോല, ഷഫീക് പട്ടാമ്പി, നൗഷാദ് ചെത്തലൂർ, അബ്ദുൽ ഹമീദ്, ഹനീഫ, യാഖൂബ് ബാബു, ഇബ്രാഹിം കുട്ടി, ശൈഖ് സാദിഖ്, മുഹമ്മദ് കുഞ്ഞി, ഷിൽജാസ്, ഇംത്തിയാസ്, ഹകീം പാറക്കൽ, മുഹമ്മദ് ഇക്ബാൽ, സിറാജ്, സുൽഫി തുടങ്ങിയവർ പങ്കെടുത്തു.
സിഫും സാൻഫോർഡും നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ ഹമീദ്, സലാം എന്നിവർ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

