മദീനയിൽ 70 കി.മീറ്റർ നീളത്തിൽ സൈക്കിൾ പാത നിർമിക്കുന്നു
text_fieldsമദീന നഗരത്തിൽ നിർമിക്കുന്ന സൈക്കിൾ പാത
മദീന: പുണ്യ നഗരമായ മദീനയിലെ പ്രധാന റോഡുകളിലും പാർപ്പിട പരിസരങ്ങളിലും 70 കി.മീ ദൈർഘ്യത്തിൽ സൈക്കിൾ പാതകൾ നിർമിക്കുന്നു. മദീന മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘നഗരത്തിെൻറ മാനവികവത്കരണം’ പ്രോഗ്രാമിെൻറയും മദീനയിൽ സാക്ഷ്യം വഹിച്ച നഗരവികസന സംവിധാനത്തിെൻറയും അടിസ്ഥാനത്തിൽ വിവിധ കായികയിനങ്ങളുടെ പരിശീലനം വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുഇടങ്ങൾ തയാറാക്കുന്നതിെൻറ ഭാഗമായാണിത്.
തുടക്കക്കാരുടെയും പ്രഫഷനൽ റൈഡർമാരുടെയും കഴിവുകൾ വർധിപ്പിക്കുന്നതിനും താമസക്കാർക്കിടയിൽ ആരോഗ്യ, കായിക അവബോധം വർധിപ്പിക്കുന്നതിനും പുതിയ ട്രാക്കുകൾ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഈ പാതകൾ പിന്നീട് മദീനയിലെ ഒരു ലഘു ഗതാഗത മാർഗമായി മാറും. എല്ലാ വിഭാഗങ്ങൾക്കും എല്ലാ പ്രായക്കാർക്കും സേവനം നൽകുന്നതിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സൈക്കിൾ പാതകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
അതോടൊപ്പം ഈ പാതകൾ റോഡിൽനിന്ന് പ്രത്യേകം വേർതിരിക്കപ്പെട്ടാണ് നിർമിക്കുന്നതെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. 2025 വർഷാവസാനത്തോടെ മദീനയിലെ 33 സുപ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തി 220 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ പാതകളുടെ സുരക്ഷിത ശൃംഖല നടപ്പാക്കി പ്രവേശനക്ഷമത കൈവരിക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിലാണ് ഇത് വരുന്നത്.
‘കരീം ബൈക്ക്’ എന്ന പേരിൽ സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്റ്റേഷനുകൾ നിലവലിലുണ്ട്.
ഇതിെൻറ എണ്ണം കൂടുന്നതോടെ മദീനയിലെ ചരിത്രപരമായ സ്ഥലങ്ങൾ സന്ദർശിക്കാനും പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാനും ആളുകൾക്ക് കഴിയും. സുരക്ഷിത സൈക്കിൾ പാതകൾ താമസക്കാർക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകും.
ഇത് സുസ്ഥിര ഗതാഗത സംവിധാനം കൈവരിക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുന്നതിനും അടിസ്ഥാന ഗതാഗത മാർഗങ്ങളിലൊന്നായി സൈക്കിളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുഗതാഗത ബസ് സ്റ്റോപുകൾ, വാണിജ്യ, വിപണനം, സേവനം, പാർപ്പിട കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

