ഐക്യത്തിെൻറയും പുരോഗതിയുടെയും 96 വർഷങ്ങൾ
text_fields
ആഗോള രാഷ്ട്രീയ-സാമ്പത്തിക ഭൂപടത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട്, പാരമ്പര്യ മൂല്യങ്ങളെയും ആധുനിക വികസന സ്വപ്നങ്ങളെയും സമന്വയിപ്പിച്ച് സൗദി അറേബ്യ 96ാമത് ദേശീയ ദിനത്തിെൻറ നിറവിലാണ്. 1932 സെപ്റ്റംബർ 23ന് അബ്ദുൽ അസീസ് രാജാവ് ഏകീകൃത സൗദി അറേബ്യ പ്രഖ്യാപിച്ചതിെൻറ ചരിത്രസ്മരണയാണ് ഓരോ ദേശീയ ദിനവും പുതുക്കുന്നത്. ഒരു രാജ്യത്തിെൻറ രൂപവത്കരണത്തിെൻറ ഓർമ മാത്രമല്ല, ഐക്യത്തിെൻറയും മുന്നേറ്റത്തിെൻറയും ആത്മവിശ്വാസത്തിെൻറയും യാത്രയെ അടയാളപ്പെടുത്തുന്ന ദിനം കൂടിയാണിത്.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിൽ ‘വിഷൻ 2030’ എന്ന വികസനപദ്ധതിയിലൂടെ സൗദി അറേബ്യ ഇന്ന് അഭൂതപൂർവമായ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. എണ്ണയെ മാത്രം ആശ്രയിക്കാത്ത, സുസ്ഥിരവും വൈവിധ്യപൂർണവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തിെൻറ വികസനയാത്രക്ക് പുതിയ ദിശയാണ് നൽകുന്നത്.
ആഗോള തലത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ പുതിയ വ്യവസായങ്ങളെയും രാജ്യാന്തര സംരംഭങ്ങളെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും കൂടുതൽ നവീനമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ നൽകുന്ന പ്രാധാന്യവും രാജ്യത്തിെൻറ ഭാവി വികസന സങ്കൽപത്തിെൻറ ഭാഗമാണ്. സാമ്പത്തിക മേഖലയിൽ മാത്രമല്ല, സാമൂഹിക രംഗത്തും ഈ മാറ്റങ്ങളുടെ പ്രതിഫലനം പ്രകടമാണ്.
വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ച ചരിത്രപരമായ തീരുമാനവും തൊഴിൽ മേഖലകളിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്ത്രീകളുടെ അവകാശങ്ങളും പങ്കാളിത്തവും വർധിപ്പിച്ചു. പരമ്പരാഗത ചട്ടക്കൂടുകൾക്കുള്ളിൽനിന്ന് ആധുനികതയിലേക്കുള്ള സൗദിയുടെ മാറ്റത്തിെൻറ പ്രധാന അടയാളങ്ങളായി ഈ പരിഷ്കാരങ്ങൾ മാറിയിരിക്കുന്നു.
തീർഥാടനത്തിെൻറ പുണ്യഭൂമി എന്ന രാജ്യത്തിെൻറ പരമ്പരാഗത സവിശേഷതയ്ക്കപ്പുറം, ലോക ടൂറിസം ഭൂപടത്തിലും സൗദി അറേബ്യ പുതിയ ഇടം കണ്ടെത്തുകയാണ്. അൽ ഉല, ദിരിയ തുടങ്ങിയ യുനെസ്കോ പൈതൃക കേന്ദ്രങ്ങളും ചെങ്കടലിലെ മനോഹരമായ ‘റെഡ് സീ പ്രോജക്റ്റും’ രാജ്യത്തിെൻറ വിനോദസഞ്ചാര സാധ്യതകൾക്ക് പുതിയ മാനങ്ങൾ നൽകുന്നു. പൈതൃകവും പ്രകൃതിയും ആധുനിക വികസനവും ഒരുമിക്കുന്ന പുതിയ സൗദിയുടെ ചിത്രം ഇതിലൂടെ കൂടുതൽ തെളിയുന്നു.
സൗദി അറേബ്യയുടെ ഈ വളർച്ചയുടെ ചരിത്രത്തിൽ ഇന്ത്യയുമായുള്ള, പ്രത്യേകിച്ച് കേരളവുമായുള്ള ബന്ധത്തിന് സവിശേഷമായ സ്ഥാനമാണുള്ളത്. കേരളത്തിെൻറ സാമൂഹികവും സാമ്പത്തികവുമായ നവോത്ഥാനത്തിന് ആഴത്തിൽ അടിത്തറയിട്ട മണ്ണാണ് സൗദി അറേബ്യ. തലമുറകളായി മലയാളികൾക്ക് ഈ രാജ്യം നൽകിയ അവസരങ്ങളും അനുഭവങ്ങളും കേരളത്തിെൻറ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കേരള പ്രവാസികളെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ കേവലം ഒരു തൊഴിലിടമോ ഉപജീവനമാർഗമോ മാത്രമല്ല. തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ, ജീവിതത്തിെൻറ നിർണായക അധ്യായങ്ങൾക്ക് സാക്ഷിയായ സ്വന്തം രണ്ടാം ജന്മനാടാണ് ഈ രാജ്യം. പ്രവാസത്തിെൻറ വിയർപ്പും അധ്വാനവും പ്രതീക്ഷകളും സൗദിയുടെ മണ്ണുമായി ചേർന്നുകിടക്കുന്നു.
ഇസ്ലാം മതവിശ്വാസികളുടെ ഹൃദയത്തിൽ അതീവ പവിത്രമായ സ്ഥാനമുള്ള മക്കത്തുൽ മുകർറമയും മദീനത്തുൽ മുനവ്വറയും സ്ഥിതിചെയ്യുന്ന മണ്ണെന്നതും സൗദി അറേബ്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്. ലോക മുസ്ലിംകളുടെ വികാരമായ വിശുദ്ധ മക്കയുടെയും സമാധാനത്തിെൻറ കേന്ദ്രമായ സൗദി മണ്ണിെൻറയും സുരക്ഷയും പവിത്രതയും കാത്തുസൂക്ഷിക്കപ്പെടേണ്ടത് പ്രവാസി സമൂഹത്തിനും പ്രധാനപ്പെട്ട വിഷയമാണ്.
വികസനത്തിെൻറ പുതിയ അധ്യായങ്ങളിലേക്കാണ് സൗദി അറേബ്യ ഇനി ചുവടുവക്കുന്നത്. 2030-ൽ റിയാദിൽ നടക്കാനിരിക്കുന്ന വേൾഡ് എക്സ്പോയും 2034-ൽ രാജ്യം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ഫിഫ ഫുട്ബോൾ ലോകകപ്പും ഈ മാറ്റങ്ങളുടെ വലിയ പ്രതീകങ്ങളാണ്. ലോകത്തിെൻറ ശ്രദ്ധ സൗദിയിലേക്ക് കൂടുതൽ ആകർഷിക്കുന്ന ഈ വേദികൾ രാജ്യത്തിെൻറ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന പ്രതീക്ഷയും ശക്തമാണ്.
നവീകരണത്തിെൻറ ഈ വസന്തകാലത്ത്, ദേശീയ പതാകയുടെ ഹരിതവർണത്തിൽ രാജ്യം മുഴുവൻ അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ സ്വദേശികൾക്കൊപ്പം പ്രവാസി മലയാളികളും ദേശീയ ദിനാഘോഷങ്ങളിൽ ആവേശത്തോടെ പങ്കുചേരുകയാണ്. പാരമ്പര്യത്തിെൻറ വേരുകൾ മുറുകെപ്പിടിച്ച് ആധുനിക ലോകത്തിെൻറ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുന്ന സൗദി അറേബ്യയുടെ യാത്രയിൽ ഈ ദേശീയ ദിനവും പുതിയ പ്രതീക്ഷകളുടെ അധ്യായമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

