ഇൻഫ്ലുവൻസ ബാധിതരിൽ 94 ശതമാനവും വാക്സിൻ എടുക്കാത്തവർ -ആരോഗ്യ മന്ത്രാലയം
text_fieldsറിയാദ്: ഈ വർഷം സീസണൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 94 ശതമാനം രോഗികളും വാക്സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധം ആരംഭിക്കുന്നത് ലളിതമായ ഒരു ഘട്ടത്തിലൂടെയാണെന്നും തങ്ങളെയും ചുറ്റുമുള്ളവരെയും സങ്കീർണതകളിൽനിന്ന് സംരക്ഷിക്കുന്നതിന് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ആരോഗ്യ അവബോധ പ്ലാറ്റ്ഫോമായ ‘ലൈവ് ഹെൽത്തി’ എക്സ് അക്കൗണ്ടിൽ വിശദീകരിച്ചു.
‘സ്വിഹത്തി’ ആപ് വഴി ‘സീസണൽ ഫ്ലൂ വാക്സിൻ’ ലഭ്യതയും വിതരണവും ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അണുബാധകളുടെ തീവ്രത കുറക്കുന്നതിലും തീവ്രപരിചരണത്തിന്റെ ആവശ്യകത കുറക്കുന്നതിലും സീസണൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട മരണങ്ങൾ കുറക്കുന്നതിലും വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പ്രതിരോധ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിനും, പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ആരോഗ്യ സേവനങ്ങളും വാക്സിനുകളും നൽകുന്നതിനും ആരോഗ്യമേഖല പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുമായാണ് സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ വാർഷിക കാമ്പയിൻ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

