സൗദി അറേബ്യയുടെ 93ാമത് ദേശീയദിനാഘോഷം; മുന്നൊരുക്കം തുടങ്ങി
text_fields93ാമത് സൗദി ദേശീയദിനാഘോഷ ലോഗോ
യാംബു: സൗദി അറേബ്യയുടെ 93ാമത് ദേശീയ ദിനാഘോഷത്തിനുള്ള മുന്നൊരുക്കം തുടങ്ങി. സെപ്റ്റംബർ 23ലെ ആഘോഷത്തിന്റെ ലോഗോ പുറത്തിറക്കി. സംഘാടകരായ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ശൈഖ് ലോഗോ പ്രകാശനം നിർവഹിച്ചു. സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്റെ ഭാഗമായുള്ള പദ്ധതികൾക്ക് അനുസൃതമായാണ് ലോഗോ രൂപകൽപന ചെയ്തിട്ടുള്ളത്.
എല്ലാ വർഷവും സെപ്റ്റംബർ 23നാണ് സൗദി അറേബ്യയുടെ ദേശീയദിനം ആഘോഷിക്കുന്നത്. സൗദി വിഷൻ 2030 ലക്ഷ്യംവെക്കുന്ന പദ്ധതികൾ രാജ്യത്തിന്റെ പുരോഗതിയിൽ വമ്പിച്ച മുന്നേറ്റം പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ദേശീയ ദിനാഘോഷത്തിന് ഒരുങ്ങുന്നത്. രാജ്യനിവാസികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അടുത്തതും യാഥാർഥ്യബോധമുള്ളതുമായ സ്വപ്നങ്ങളിൽനിന്നാണ് ഈ ലോഗോ രൂപകൽപനക്ക് പ്രചോദനമായതെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ‘വീ ഡ്രീം ആൻഡ് അച്ചീവ്’ (ഞങ്ങൾ സ്വപ്നം കാണുകയും നേടുകയും ചെയ്യുന്നു) എന്നതാണ് പുതിയ ലോഗോയുടെ ആപ്തവാക്യം. കലാപരമായ ലോഗോ സവിശേഷമായ അർഥതലങ്ങളുള്ളതാണ്. ആകാശത്തിന്റെ അതിരുകൾ കവിയുന്ന മാധുര്യത്തോടെയും ഒഴുക്കോടെയും മുന്നേറി സ്വപ്നത്തെ ആശ്ലേഷിക്കുന്ന രാജ്യത്തിന്റെ അതിർത്തികൾ വരച്ച സന്ദേശം ലോഗോയിൽ പ്രതിഫലിച്ചുകാണുന്നുണ്ട്. ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും മുന്നേറാൻ രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്നു. രാജ്യം എല്ലാ ജനങ്ങളെയും സ്വീകരിക്കുന്നുവെന്നും അവർക്കായി കഴിവുകൾ വിനിയോഗിക്കുന്നുവെന്നും അറിയിക്കുന്ന സന്ദേശം പുതിയ ലോഗോ പകർന്നു നൽകുന്നു.
മനഃപൂർവവും ആത്മവിശ്വാസമുള്ളതുമായ ചുവടുകളോടെ അന്വേഷണത്തിന്റെ യാത്ര ആരംഭിക്കാൻ പുതുതലമുറ അവരുടെ ജീവിതലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ പ്രേരണ നൽകുന്നു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും സമൂഹത്തിന് പകുത്തുനൽകാനും പുതിയ ലോഗോ വഴി സാധിക്കുമെന്ന് കരുതുന്നു. 93ാമത് ദേശീയദിനാഘോഷത്തിന് അംഗീകാരം നൽകിയ ലോഗോ ഉപയോഗിക്കാനും ഏകീകരിക്കാനും എല്ലാ സർക്കാർ, സ്വകാര്യ ഏജൻസികളോടും ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ആഹ്വാനംചെയ്തു.
വിവിധ സർക്കാർ ആപ്ലിക്കേഷൻ വഴി ഈ വർഷത്തെ ആഘോഷ ലോഗോ പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയും. സർക്കാർ നിശ്ചയിച്ച നിർദേശങ്ങൾക്ക് അനുസൃതമായി മാത്രമേ ലോഗോ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

