91ാമത് ദേശീയദിനം, 91 വിഭവങ്ങൾ മലയാളി വീട്ടമ്മയുടെ വേറിട്ട ആഘോഷം
text_fieldsെജസ്മി റഷീദും കുടുംബവും
ജിദ്ദ: സൗദിയുടെ 91ാം ദേശീയദിനത്തോടനുബന്ധിച്ച് 91 വിഭവങ്ങളുടെ സദ്യ ഒരുക്കി മലയാളി വീട്ടമ്മ. ജിദ്ദയിൽ കുടുംബസമേതം താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേഷി റഷീദ് ഖാദറിെൻറ ഭാര്യ െജസ്മി റഷീദാണ് ഈ വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയത്. കേരളവിഭവങ്ങളും സൗദി വിഭവങ്ങളും റഷ്യൻ വിഭവങ്ങളും ജോർജിയൻ വിഭവങ്ങളും സദ്യയിൽ ഇടംപിടിച്ചു.
രണ്ട് ദിവസത്തെ കഠിന പ്രയത്നത്തിലാണ് ഇത്രയും വിഭവങ്ങൾ ഉണ്ടാക്കിയത്. 13തരം അരിയിലാണ് സദ്യ. നാടൻ ചോറും തേങ്ങാച്ചോറും ബിരിയാണികളും കബ്സയും ഇതിൽപെടും. കേരളസദ്യയുടെ 39 തരവും ഇതിൽ ഉൾപ്പെട്ടു. റഷ്യൻ സൂപ്പ് ഉൾപ്പെടെ നാലുതരം സൂപ്പുകളും 19ൽപരം കറികളും സദ്യയിൽ ഇടംപിടിച്ചു. നാടൻ മത്തിക്കറിയും പൊരിയും മാറ്റുകൂട്ടി.
ആറുതരം ചട്ടിനിയും ഇഡലിയും ദോശയും ഉപ്പുമാവും കപ്പയും എല്ലാം ഉൾപ്പെട്ടതായിരുന്നു സദ്യ. ഭക്ഷണങ്ങൾ എല്ലാം സുഹൃത്തുക്കൾക്കും അയൽവീട്ടുകാർക്കും വിതരണം ചെയ്യുകയായിരുന്നു. ദേശീയദിനത്തോടനുബന്ധിച്ച് എന്തെങ്കിലും വ്യത്യസ്ത്യമായി ചെയ്യണമെന്ന ആഗ്രഹമാണ് ഈ രീതിയിലേക്ക് പ്രേരിപ്പിച്ചതെന്ന് ജെസ്മി റഷീദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
13 വർഷമായി ഫിഷിനിഷ് കമ്പനിയിൽ ഫിനാൻസ് കൺട്രോളറായി വർക്ക് ചെയ്യുകയാണ് റഷീദ്. വിവിധ രാജ്യങ്ങളിലും സൗദിയിലും മറ്റും സഞ്ചരിച്ച് യൂടൂബിലും ടിക്ടോകിലും ട്രാവർ വ്ലോഗുമായി സജീവമാണ് ഈ കുടുംബം. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് ഈമാസമാണ് ജിദ്ദയിൽ ഇവർ തിരിച്ചെത്തിയത്. മക്കൾ: ഹാനി, ഹാദി, ഹൈഫ, തമർ.