മസ്ജിദുൽ ഹറാമിൽ 75,000 ഇന്ത്യൻ ഹാജിമാർ ജുമുഅയിൽ പങ്കെടുത്തു
text_fieldsമക്കയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ താമസസ്ഥലങ്ങളിൽനിന്ന് ഇന്ത്യൻ ഹാജിമാർ എത്തിയപ്പോൾ
മക്ക: വെള്ളിയാഴ്ച മുക്കാൽ ലക്ഷത്തോളം ഇന്ത്യൻ തീർഥാടകർ മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅയിലും പ്രാർഥനയിലും പങ്കെടുത്തു. ഇതുവരെ 85,000 ഇന്ത്യൻ ഹാജിമാർ മക്കയിലെത്തിയിട്ടുണ്ടെങ്കിലും അതിൽ 75000ത്തോളം പേർക്ക് മാത്രമേ ഹറമിലെത്തി ജുമുഅ നമസ്കാരത്തിൽ പങ്കുകൊള്ളാൻ കഴിഞ്ഞുള്ളൂ. ഇവരെ ഹറമിൽ ഒരേസമയം എത്തിച്ചു തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രത്യേക പദ്ധതികൾ തയാറാക്കിയിരുന്നു. നാട്ടിൽനിന്നും വന്ന ഉദ്യോഗസ്ഥർ ഇതിനായി പ്രത്യേക ഷെഡ്യൂൾ തയാറാക്കി അതിന് അനുസൃതമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചു.
രാവിലെ 10 ഓടെ 75,000 ഹാജിമാരും മസ്ജിദുൽ ഹറാമിൽ എത്തിച്ചേർന്നു. നിറഞ്ഞുകവിയാതെ ഹറമിൽ ജുമുഅ പ്രാർഥനകൾ പൂർത്തിയാക്കി. 43 ഡിഗ്രി ചൂടായിരുന്നു ഉച്ചയോടെ മക്കയിൽ രേഖപ്പെടുത്തിയത്. കത്തുന്ന ചൂടിൽ നിരവധി ഹാജിമാരിൽ ചിലരെങ്കിലും തളർന്നുവീണു. കഠിനമായ ചൂടിൽ ദേഹാസ്വാസ്ഥ്യം നേരിട്ട പല ഹാജിമാർക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പ്രത്യേകം മെഡിക്കൽ സംഘങ്ങൾ വിവിധ പോയന്റുകളിൽ നിലയുറപ്പിച്ചിരുന്നു.
തീർഥാടകരുടെ സഹായത്തിനായി നിരവധി വളന്റിയർമാർ ഇത്തവണ വഴിനീളെ വെള്ളവും ജ്യൂസും വിതരണംചെയ്തു. ബസുകളിൽ കയറുന്നതിനും ഹറമുകളിലേക്ക് പോകുന്നതിനും ഹാജിമാർക്ക് അവർ തുണയേകുകയും ചെയ്തു. വൈകീട്ട് നാലോടെയാണ് മുഴുവൻ തീർഥാടകരും താമസകേന്ദ്രങ്ങളിൽ മടങ്ങിയെത്തിയത്. കേരളത്തിൽനിന്നുള്ള പതിനായിരത്തോളം തീർഥാടകരാണ് ഹറം പള്ളിയിലെ ജുമുഅയിൽ പങ്കെടുത്തത്. കോഴിക്കോട്ടുനിന്നുള്ള ഹാജിമാരുടെ വരവ് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇനി കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽനിന്നാണ് ഹാജിമാർ വരാൻ ബാക്കിയുള്ളത്.
5000 തീർഥാടകരാണ് നിലവിൽ മദീനയിലുള്ളത്. അവർ അവിടെ സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ചയോടെ തീർഥാടകരും മക്കയിലെത്തും. ജിദ്ദ വഴിയെത്തിയ ഇന്ത്യൻ തീർഥാടകരുടെ മദീനാ സന്ദർശനം ഹജ്ജിനുശേഷം ആയിരിക്കും. ഇന്ത്യയിൽനിന്ന് ഇപ്പോൾ തീർഥാടകരെത്തുന്നത് ജിദ്ദ വഴി മാത്രമാണ്. മദീന വഴിയുള്ളത് നേരത്തെ അവസാനിച്ചിരുന്നു. ജിദ്ദ വഴി വന്ന മുഴുവൻ ഹാജിമാരുടെയും മടക്കം മദീന വഴിയായിരിക്കും. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ തീർഥാടകർ മദീന സന്ദർശനത്തിനായി വരുംദിവസങ്ങളിൽ പുറപ്പെടും. ഇവർ പിന്നീട് ഹജ്ജിന് തൊട്ടടുത്ത ദിവസങ്ങളിൽ മടങ്ങിയെത്തും. ജിദ്ദ വഴിയാകും ഇവരുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

