സൗദിയിൽ തലക്കടിയേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് 71 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു
text_fieldsറിയാദ്: നാലര വർഷം മുമ്പ് റിയാദിൽ തലക്കടിയേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് വൻ തുക നഷ്ടപരിഹാരമായി ലഭിച്ചു. വാക്കുതർക്കത്തിനിടെ, സഹോദരങ്ങളായ രണ്ട് സൗദി യുവാക്കളുടെ അടിയേറ്റ് മരിച്ച പാലക്കാട് കൈപ്പുറം സ്വദേശി പനച്ചിക്കൽ ഹൗസിൽ മുഹമ്മദലി പൂഴിക്കുന്നത്തിെൻറ കുടുംബത്തിനാണ് പ്രതികൾ മോചനദ്രവ്യമായി കോടതിൽ കെട്ടിവെച്ച നാലുലക്ഷം റിയാൽ (71 ലക്ഷത്തിലധികം രൂപ) ലഭിച്ചത്.
കുടുംബം മാപ്പ് നൽകിയതിനാൽ വധശിക്ഷ ലഭിക്കാവുന്ന കേസിൽ നിന്ന് പ്രതികളായ ഹസൻ അലി, യാസിർ അലി എന്നിവർ രക്ഷപ്പെട്ടിരുന്നു. റിയാദിലെ കോടതിയിൽ സമർപ്പിച്ച ചെക്ക് പണമായി അനന്തരാവകാശികളുടെ അക്കൗണ്ടിലെത്താൻ രണ്ടുവർഷത്തിലേറെ സമയമെടുത്തു. നിയമനടപടികളുടെ നിരവധി കടമ്പകൾ അനന്തരാവകാശികളുടെ മുന്നിലുണ്ടായിരുന്നു. എല്ലാ നടപടികളും പൂർത്തിയായി ഭാര്യയുടെയും മക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ പണം ക്രെഡിറ്റ് ചെയ്തതായ വിവരം റിയാദിലെ ഇന്ത്യൻ എംബസിക്കും വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനും ലഭിച്ചു.
2013 ആഗസ്റ്റ് ആറിനാണ് മരണത്തിനിടയാക്കിയ സംഭവമുണ്ടായത്. റിയാദ് ദാഖൽ മഅദൂദിൽ ഹൗസ് ൈഡ്രവറായിരുന്ന മുഹമ്മദലിക്ക് ബദീഅയിലെ സൂഖ് ശഅബിയയുടെ മുമ്പിൽ വെച്ച് യുവാക്കളിൽ നിന്ന് അടിയേറ്റു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രകോപിതരായ പ്രതികൾ മുഹമ്മദലിയുടെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ദൃസാക്ഷിയായ സ്വദേശി പൗരൻ ഇടപെട്ട് ഇരുകൂട്ടരേയും പിന്തിരിപ്പിച്ചു. തിരികെ വീട്ടിലെത്തിയ മുഹമ്മദലി കുഴഞ്ഞുവീണു. കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു ദിവസത്തിനുശേഷം മരിച്ചു. ബദീഅ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. കേസ് തുടരുന്നതിനിടെ ഇന്ത്യൻ എംബസിയുടെ ചെലവിൽ മൃതദേഹം നാട്ടിലയച്ചു.
ബന്ധുക്കളും എംബസിയും കേസ് നടത്താൻ ശിഹാബ് കൊട്ടുകാടിനെ ചുമതലപ്പെടുത്തി. കേസിൽ പബ്ലിക് റൈറ്റ് പ്രകാരം കോടതി ഒന്നാം പ്രതി ഹസൻ അലിക്ക് അഞ്ചുവർഷത്തേയും രണ്ടാം പ്രതി യാസർ അലിക്ക് രണ്ടര വർഷത്തേയും തടവുശിക്ഷ വിധിച്ചു. പ്രൈവറ്റ് റൈറ്റ് പ്രകാരം കൊലപാതക കേസിൽ വിധിക്കുക വധശിക്ഷയാണ്. എന്നാൽ ഇക്കാര്യത്തിൽ മരണപ്പെട്ടയാളുടെ അനന്തരാവകാശികളുടെ അഭിപ്രായം ആരാഞ്ഞശേഷമേ കോടതി വിധി തീർപ്പിലെത്താറുള്ളൂ. ഈ സാധ്യത മുന്നിൽ കണ്ട് കുടുംബത്തെ കൊണ്ട് മാപ്പ് നൽകാൻ പ്രേരിപ്പിക്കുന്നതിന് പ്രതികളുടെ പിതാവ് ശിഹാബിനെ സമീപിച്ച് ഒത്തുതീർപ്പിന് ശ്രമം നടത്തി. പകരം മോചനദ്രവ്യമായി കോടതി നിശ്ചയിക്കുന്ന തുക നൽകാമെന്നും വാഗ്ദാനം ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ വഴി നടന്ന ശ്രമത്തിൽ കുടുംബം മാപ്പ് നൽകാൻ സമ്മതിച്ചു. ഇത് സംബന്ധിച്ച രേഖകൾ കോടതിയിൽ ഹാജരാക്കിയതോടെ 2015 ഒക്ടോബർ 25ന് കോടതി പ്രതികൾക്ക് ഇളവ് നൽകി. ആദ്യം വിധിച്ച തടവുശിക്ഷ മാത്രം അനുഭവിച്ച ശേഷം ജയിൽ മോചിതരാവാൻ അനുവാദവും നൽകി. അന്ന് മോചനദ്രവ്യമായി കോടതിയിൽ നൽകിയ നാലു ലക്ഷം റിയാലിെൻറ ചെക്ക് 2017 ജനുവരിയിലാണ് ഇന്ത്യൻ എംബസിയിലെത്തിയത്. അവിടെ നിന്ന് ഒമ്പത് മാസം മുമ്പ് പാലക്കാട് കലക്ട്രേറ്റിലെത്തി. മരിച്ച മുഹമ്മദലിയുടെ ഉമ്മ നഫീസ, ഭാര്യ മൈമൂന, മക്കളായ മുഹ്നിസ്, മിസ്ഹബ്, മുഹ്മിന, ഹന്നത്ത് എന്നിവരാണ് അന്തരാവകാശികൾ. ഇതിൽ മിസ്ഹബും ഹന്നത്തും പ്രായപൂർത്തിയാവത്തരായതിനാൽ മൈനറായി കണക്കാക്കി അവരുടെ പേരിൽ പ്രത്യേക അക്കൗണ്ട് തുടങ്ങി അതിലും ബാക്കി തുക ഭാര്യ മൈമൂനയുടെ അക്കൗണ്ടിലുമാണ് നിക്ഷേപിച്ചത്. ഉമ്മ നഫീസയും മറ്റു മക്കളും മൈമൂനയുടെ പേരിൽ നിക്ഷേപിക്കാൻ സമ്മത പത്രം നൽകുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
