Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ ആറാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും

text_fields
bookmark_border
ജിദ്ദയിൽ ആറാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും
cancel
camera_alt

കഴിഞ്ഞ വർഷത്തെ ഹജ്ജ് സമ്മേളനത്തിൽനിന്ന്​ (ഫയൽ ചിത്രം)

ജിദ്ദ: ആറാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും നവംബർ എട്ട്​ മുതൽ 11 വരെ ജിദ്ദയിൽ നടക്കും. ‘ഗസ്​റ്റ്​സ്​ ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമി’​െൻറ സഹകരണത്തോടെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ പരിപാടിയിൽ സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ നിന്നുള്ള 520-ലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും പങ്കാളികളാകും.

തീർഥാടകർക്ക് സൗദി ഭരണകൂടം നൽകുന്ന പ്രത്യേക പരിഗണനയുടെയും ഹജ്ജ് സേവന സംവിധാനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള നവീകരണ ശ്രമങ്ങളുടെയും ഭാഗമായാണ് ഈ സംഗമം. ‘വിഷൻ 2030’-​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം, വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള മുൻകൂട്ടിയുള്ള ഒരുക്കങ്ങളിലെ നിർണായക ഘട്ടമായും ഇത് മാറും.

കരാറുകൾ പൂർത്തിയാക്കൽ, സംഘാടന-പ്രവർത്തന വിഷയങ്ങളിലെ ചർച്ചകൾ, നൂതന പരിഹാരങ്ങളുടെ അവതരണം, തന്ത്രപ്രധാന പങ്കാളിത്തങ്ങൾ ഉറപ്പാക്കൽ എന്നിവയ്ക്കായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹജ്ജ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നൂതന ആശയങ്ങളും മികച്ച മാതൃകകളും പങ്കുവെക്കുന്ന സമ്മേളനം പ്രധാനമായും അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന സേവനങ്ങളും, ശാക്തീകരണവും സംയോജനവും, സുസ്ഥിര വികസനം എന്നീ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടത്തുന്നത്.

സമ്മേളനത്തോടനുബന്ധിച്ച് 67,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ പ്രത്യേക പ്രദർശനവും ക്രമീകരിക്കും. 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളും സേവനദാതാക്കളും തങ്ങളുടെ നൂതന സാങ്കേതിക പരിഹാരങ്ങളുമായി ഇതിൽ അണിനിരക്കും. ഭരണനേതാക്കൾ, ഹജ്ജ് മിഷനുകൾ, വ്യോമയാനം, ഗതാഗതം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ്മകൾ ഒരേ വേദിയിൽ സംബന്ധിക്കും.

മുൻ വർഷത്തെ പരിപാടിയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള 270 പ്രദർശകരും രണ്ട് ലക്ഷത്തിലധികം സന്ദർശകരും പങ്കടുത്തിരുന്നു. 134 പ്രത്യേക സെഷനുകളും 2,600-ലധികം ആളുകൾക്ക് പരിശീലനവും കഴിഞ്ഞ പതിപ്പിൽ നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ആറാമത് ഹജ്ജ് സമ്മേളനത്തിൽ രജിസ്​റ്റർ ചെയ്ത് പങ്കാളികളാകാൻ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും വിദഗ്ധരെയും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ക്ഷണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6th Hajj Conference and Exhibition opens in Jeddah
Next Story