സൗദി ജിസാൻ സെൻട്രൽ ജയിലിൽ 22 മലയാളികൾ അടക്കം 60 ഇന്ത്യക്കാർ
text_fieldsജിസാൻ ജയിൽ സന്ദർശിച്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ കിഷൻ സിംഗ് സെൻട്രൽ ജയിൽ അഡീഷണൽ ഡയറക്‌ടർ നവാഫ് അഹമ്മദ് സെർഹി, കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്‌ദ് കാശിഫ് എന്നിവർക്കൊപ്പം.
ജിദ്ദ: ജിസാനിൽ വിവിധ കേസുകളിൽപെട്ട് 22 മലയാളികളടക്കം 60 ഇന്ത്യക്കാർ ജയിലിൽ കഴിയുന്നതായി കണ്ടെത്തി. ജിസാൻ ഡിപ്പോർട്ടേഷൻ സെന്ററിൽ ആറു മലയാളികളടക്കം 31 ഇന്ത്യക്കാരാണ് ഉള്ളത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ കിഷൻ സിംഗിന്റെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിലും ഡിപോർട്ടഷൻ കേന്ദ്രവും സന്ദർശിച്ചപ്പോഴാണ് സെൻട്രൽ ജയിൽ അധികൃതർ വിവരങ്ങൾ കൈമാറിയത്.
ജിസാനിൽ നിന്നുള്ള കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്‌ദ് കാശിഫ് എന്നിവരും ഉദ്യോഗസ്ഥനോടൊപ്പം ഉണ്ടായിരുന്നു. സംഘം ജിസാൻ സെൻട്രൽ ജയിൽ അഡീഷണൽ ഡയറക്‌ടർ നവാഫ് അഹമ്മദ് സെർഹിയുമായും ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യൻ തടവുകാരെ നേരിൽ കാണുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു.
ജിസാൻ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്ന 60 ഇന്ത്യൻ തടവുകാരിൽ എട്ടു പേരുടെ ശിക്ഷ ഇളവുചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള ശുപാർശ റിയാദിലേക്ക് അയച്ചതായി ജയിൽ അധികൃതർ അറിയിച്ചു. സെൻട്രൽ ജയിലിലുള്ള മലയാളികളിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തിയതിനും യെമൻ അതിർത്തിയിൽ നിന്ന് 'ഖാത്ത്' എന്ന ലഹരി ഇല കടത്തിയതിനും ശിക്ഷയനുഭവിക്കുന്നവരാണ്. ജിസാൻ ജയിലിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയനുഭവിക്കുന്ന മറ്റു ഇന്ത്യൻ തടവുകാർ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ആസാം, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ശിക്ഷാ കാലാവധി കഴിഞ്ഞ് സെൻട്രൽ ജയിലിൽ കഴിയുന്ന നാലു പേരെ ഈയാഴ്ച്ച തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ജയിൽ അധികൃതരുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കുമെന്ന് കിഷൻ സിംഗ് പറഞ്ഞു. രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായ ജിസാൻ ഡിപ്പോർട്ടേഷൻ സെന്ററിലുള്ള 12 ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് തയാറാക്കി എത്രയും വേഗം ജയിൽ അധികൃതർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത നിയമലംഘകരായ ഇന്ത്യക്കാരെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചയക്കുന്നതിന് നിയമതടസമില്ലെന്ന് ഡിപ്പോർട്ടേഷൻ സെന്റർ അധികൃതർ വ്യക്തമാക്കി.
മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതിനായി ജിസാൻ പ്രിൻസ് സുൽത്താൻ റോഡിലുള്ള മുഗൾ റസ്റ്ററന്റിൽ വെള്ളിയാഴ്ച്ച രാവിലെ എട്ടു മണി മുതൽ നടന്ന കോൺസുലാർ സേവനങ്ങൾക്ക് കിഷൻ സിംഗും വി.എഫ്.എസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 50 ലധികം ഇന്ത്യക്കാർക്ക് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കിയതായി കിഷൻ സിങ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

