5,969 പുരാതന കേന്ദ്രങ്ങൾകൂടി ദേശീയ നഗര പൈതൃക രജിസ്റ്ററിൽ
text_fieldsസൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നഗര പൈതൃക രജിസ്റ്ററിൽ ഉൾപ്പെട്ട പൈതൃക കേന്ദ്രങ്ങൾ (ഫയൽ ഫോട്ടോ)
യാംബു: രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 5,969 പുരാവസ്തു കേന്ദ്രങ്ങളെ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയതായി സൗദി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. ഇതുവരെ രേഖപ്പെടുത്തിയ മൊത്തം സ്ഥലങ്ങളുടെ എണ്ണം ഇതോടെ 34,171 ആയി ഉയർന്നു. പുതുതായി ഉൾപ്പെടുത്തിയതിൽ അധികവും അസീർ മേഖലയിൽ നിന്നുള്ളതാണ്, 3,893 കേന്ദ്രങ്ങൾ. ഖസീം പ്രവിശ്യയിൽ 761, അൽ ബാഹയിൽ 499, മക്കയിൽ 483, റിയാദിൽ 258, ഹാഇലിൽ 60, ജിസാനിൽ എട്ട്, അൽ ജൗഫിൽ നാല്, കിഴക്കൻ പ്രവിശ്യയിൽ മൂന്നും എന്നിങ്ങനെ മറ്റിടങ്ങളിൽനിന്നുള്ള കണക്ക്.
സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നഗര പൈതൃക രജിസ്റ്ററിൽ ഉൾപ്പെട്ട പൈതൃക കേന്ദ്രങ്ങൾ (ഫയൽ ഫോട്ടോ)
പൈതൃകം സംബന്ധിച്ച ചട്ടങ്ങളെ അടിസ്ഥാനമാക്കിയും കമീഷൻ സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തിയുമാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. പൈതൃകസ്ഥലങ്ങളെ കൈയ്യേറ്റങ്ങളിൽനിന്നും അവഗണനയിൽ നിന്നും സംരക്ഷിക്കുകയും ഭാവി തലമുറകൾക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ഥലങ്ങൾ ഡിജിറ്റൽ മാപ്പിൽ ഉൾപ്പെടുത്തും. ഡോക്യുമെന്റേഷൻ, ഫോട്ടോഗ്രാഫിക് ആർക്കൈവുകൾ എന്നിവയുൾപ്പെടെ ഒരു സമഗ്ര ഡാറ്റാബേസ് നിർമിക്കാനും അധികൃതർ നടപടികൾ പൂർത്തിയാക്കും.രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തു പ്രദേശങ്ങളും ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്.
സൗദിയുടെ സാംസ്കാരിക പൈതൃക സൂക്ഷിപ്പിനായുള്ള ഡിജിറ്റൽ റെക്കോർഡിൽ ഇവ ഉൾപ്പെടുത്തും. പുരാവസ്തു ശേഷിപ്പുകളും ചരിത്രസ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ സംരക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ പൗരന്മാരോട് ഹെറിറ്റേജ് കമീഷൻ സഹകരണം അഭ്യർഥിച്ചു. https://contactcenter.moc.gov.sa എന്ന ‘ബലാഗ്’ പോർട്ടലിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

