യു.എ.ഇയിലെ സഞ്ചാരികളിൽ 58 ശതമാനവും സൗദിയിൽനിന്ന്
text_fieldsയാംബു: യു.എ.ഇ സന്ദർശിക്കുന്ന ഗൾഫ് വിനോദ സഞ്ചാരികളിൽ ഏറ്റവും കൂടുതൽ സൗദിയിൽനിന്ന്. കഴിഞ്ഞ വർഷം 19 ലക്ഷം സന്ദർശകരാണ് സൗദിയിൽനിന്ന് മാത്രം യു.എ.ഇയിൽ എത്തിയത്. മൊത്തം ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളിൽ ഇത് 58 ശതമാനം വരുമെന്നും സൗദിയാണ് രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ അയക്കുന്ന ഒന്നാമത്തെ ഗൾഫ് രാജ്യമെന്നും യു.എ.ഇ ധനകാര്യ, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള മൊത്തം സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം 33 ലക്ഷമായി ഉയർന്നെന്നും യു.എ.ഇ ടൂറിസം മേഖലയെ പിന്തുണക്കുന്നതിൽ സൗദി അറേബ്യ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ, അബൂദബി, ഷാർജ അടക്കമുള്ള എമിറേറ്റുകളിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന വിനോദ, സാംസ്കാരിക പരിപാടികൾ ആസ്വദിക്കാനും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുമാണ് കൂടുതൽ സഞ്ചാരികൾ യു.എ.ഇയിൽ എത്തുന്നത്. ‘എമിറാത്തി’ വിപണികളുടെ ആകർഷണീയതയും രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ എളുപ്പത്തിൽ സഞ്ചാരം നടത്താൻ കഴിയുന്നതും യു.എ.ഇ ടൂറിസം രംഗത്തെ മുൻനിരയിലേക്ക് സൗദി വിനോദസഞ്ചാരികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
വൈവിധ്യമാർന്ന ഹോട്ടൽ അനുഭവങ്ങൾ, മികച്ച ഭക്ഷണശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവക്കൊപ്പം ഗൾഫ് കുടുംബങ്ങൾക്ക് പ്രിയപ്പെട്ട ഒരു രാജ്യമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം ആഗോളതലത്തിൽ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയടക്കം നിരവധി നിർമിതികളുടെ അഭൂതപൂർവമായ കാഴ്ച യു.എ.ഇയിൽ കാണാം. ദുബൈയുടെ പ്രകൃതി സൗന്ദര്യമായ ക്രീക്കിന്റെ തീരത്ത് തുറന്നുവെച്ച പുസ്തകരൂപത്തിൽ രൂപകൽപന ചെയ്ത മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി, പശ്ചിമേഷ്യ-വടക്കൻ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ്. ഗൾഫിനെ സാംസ്‌കാരിക ഭൂപടത്തിൽ സുവർണ ഏടുകളിൽ അടയാളപ്പെടുത്തപ്പെടുന്ന ഈ സംസ്കാരിക കേന്ദ്രം സന്ദർശിക്കാനും ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

