കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉംറ നിർവഹിച്ചത് 54 ലക്ഷം തീർഥാടകർ
text_fieldsമക്ക: 2025ലെ രണ്ടാം പാദത്തിൽ സൗദിക്കകത്തും പുറത്തുമുള്ള ആകെ ഉംറ തീർഥാടകരുടെ എണ്ണം 54 ലക്ഷമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ഇതിൽ 33 ലക്ഷം പുരുഷന്മാരും 20 ലക്ഷം സ്ത്രീകളുമാണ്. ആഭ്യന്തര തീർഥാടകരാണ് ഭൂരിഭാഗവും; ആകെ 41 ലക്ഷം. ആഭ്യന്തര തീർഥാടകരിൽ 26 ലക്ഷം പുരുഷന്മാരും 14 ലക്ഷം സ്ത്രീകളുമാണ്. സൗദി തീർഥാടകരുടെ എണ്ണം 21 ലക്ഷത്തിലെത്തി. ഇത് മൊത്തം ആഭ്യന്തര തീർഥാടകരുടെ 51.6 ശതമാനമാണ്. വിദേശത്തുനിന്നുള്ള തീർഥാടകരുടെ എണ്ണം 13 ലക്ഷത്തിലെത്തി.
ഇതേ കാലയളവിൽ സൗദിക്ക് പുറത്തുനിന്നുള്ള തീർഥാടകരുടെ ആകെ എണ്ണം 13 ലക്ഷം ആണെന്നും അവരിൽ പുരുഷന്മാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണെന്നും ഇത് വിദേശത്തുനിന്നുള്ള മൊത്തം തീർഥാടകരുടെ 49.3 ശതമാനം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ എണ്ണം 6,70,000ത്തിലധികമാണെന്നും ഇത് 50.7 ശതമാനം ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വിദേശത്തുനിന്ന് വിമാനത്താവളങ്ങൾ വഴി എത്തുന്ന തീർഥാടകരുടെത് 71.6 ശതമാനം ആണെന്നും കര തുറമുഖങ്ങൾ വഴിയെത്തുന്ന തീർഥാടകരുടെ ശതമാനം 28.2ആണെന്നും കടൽ തുറമുഖങ്ങൾ വഴി എത്തുന്ന തീർഥാടകരുടെ ശതമാനം 0.2 ശതമാനമാണെന്നും സ്ഥിതിവിവരക്കണക്കുകളിലുണ്ട്. ആഭ്യന്തര തീർഥാടകരിൽ 62.9 ശതമാനം പേർ കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ചതായി ഫലങ്ങൾ കാണിക്കുന്നു. 28.7 ശതമാനം പേർ വ്യക്തിഗതമായി ഉംറ നിർവഹിച്ചു. സുഹൃത്തുക്കളോടൊപ്പം ഉംറ നിർവഹിച്ചവരുടെ ശതമാനം വളരെ കുറവാണ്.
ഈ കാലയളവിൽ മദീനയിലെത്തിയത് ഏകദേശം 37.7 ലക്ഷം പേരാണ്. സൗദിക്ക് പുറത്തുനിന്ന് മദീനയിലെത്തിയത് 21 ലക്ഷമാണ്. ഇതിൽ 46.1 ശതമാനം പുരുഷന്മാരും 53.9 ശതമാനം സ്ത്രീകളുമാണ്. സൗദിക്കകത്തുനിന്ന് മദീന സന്ദർശിച്ചവരുടെ ആകെ എണ്ണം ഏകദേശം 17 ലക്ഷത്തിലെത്തി. അവരിൽ 7,66,200 പേർ സൗദി സന്ദർശകരായിരുന്നു. ഇത് മൊത്തം 46 ശതമാനമാണ്. രാജ്യത്തിനകത്തുനിന്നുള്ള സൗദിയിതര സന്ദർശകരുടെ എണ്ണം 8,99,200 ആണ്. ഇത് 54 ശതമാനമാണ്. ആഭ്യന്തര സന്ദർശകരിൽ 68.5 ശതമാനം പുരുഷന്മാരും 31.5 ശതമാനം സ്ത്രീകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

