മയക്കുമരുന്ന് കേസിലടക്കം പ്രതികളായ 50 ഇന്ത്യക്കാർ ജീസാൻ ജയിലിൽ
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജിസാൻ ജയിൽ മേധാവി അഖീദ് സുൽത്താൻ നഈമിയോടൊപ്പം
ജിസാൻ: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാരം കാണാനുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും കമ്യൂണിറ്റി വെൽഫെയർ വിങ് അംഗങ്ങളും ഉൾപ്പെട്ട സംഘം ജിസാനിൽ സന്ദർശനം നടത്തി. സെൻട്രൽ ജയിൽ, ലേബർ ഓഫീസ്, നാടുകടത്തൽ കേന്ദ്രം (തർഹീൽ) തുടങ്ങിയ ഔദ്യോഗിക കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. നിരോധിത ലഹരിച്ചെടിയായ ഖാത്ത്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഇടപാട്, ഉപയോഗം, സാമ്പത്തിക ക്രമക്കേട് ഉൾപ്പെട വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട 50 ഇന്ത്യക്കാർ സെൻട്രൽ ജയിലിലുണ്ടെന്ന് സന്ദർശനത്തിൽ കണ്ടെത്തി. ഇതിൽ 33 പേർക്ക് ശിക്ഷാവിധി വന്നു. ബാക്കി 17 പേർ വിധി കാത്തുകഴിയുകയാണ്. ജയിൽ മേധാവി അഖീദ് സുൽത്താൻ നഈമിയുമായി സംഘം ചർച്ചനടത്തി.
അതിന് ശേഷം ലേബർ ഓഫീസും സന്ദർശിച്ചു. വിസാകാലാവധി കഴിഞ്ഞ് നാട്ടിൽ പോകാൻ ഫൈനൽ എക്സിറ്റിനായി കാത്തിരിക്കുന്നവരുടെ പ്രശ്നങ്ങൾ ലേബർ ഓഫീസ് സഹമേധാവി അബുബന്ദർ സുഫിയാനിയുമായി കോൺസുലേറ്റ് സംഘം ചർച്ച ചെയ്തു. പ്രശ്നപരിഹാര നടപടികൾക്കുള്ള ശ്രമം തുടങ്ങൂകയും ചെയ്തു.
നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ സംഘം ഔട്ട്പാസിനായി കാത്തിരിക്കുന്ന അഞ്ചു പേർക്കും സെൻട്രൽ ജയിലിലുള്ള ഏഴു പേർക്കും ഔട്ട്പാസ് ഇഷ്യൂ ചെയ്യാനാവശ്യമായ രേഖകൾ കൈപ്പറ്റി. വൈകാതെ തുടർനടപടികൾ ഉണ്ടാകുമെന്ന് സംഘം അറിയിച്ചു. കോൺസൽ കമലേഷ്കുമാർ മീണ, സഹ ഉദ്യോഗസ്ഥൻ റിയാള് ജീലാനി എന്നിവരും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വിങ് അംഗങ്ങളായ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്‌ല എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

