49,000 ഹജ്ജ് തീർഥാടകർക്ക് ചികിത്സ നൽകിയതായി ആരോഗ്യ മന്ത്രാലയം
text_fieldsഹജ്ജ് തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകുന്ന ആരോഗ്യമന്ത്രാലയത്തിന്റെ സേവകർ
മക്ക: ഇത്തവണത്തെ ഹജ്ജ് സീസണിൽ സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയ സേവനങ്ങൾ ശ്രദ്ധേയമാകുന്നു. മന്ത്രാലയത്തിന് കീഴിലുള്ള ആതുര സേവന രംഗത്തെ സേവകർ 49,000ത്തോളം തീർഥാടകർക്ക് ഇതുവരെ ചികിത്സ നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീർത്ഥാടകരിൽ അഞ്ച് പേർക്ക് ഓപൺ ഹാർട്ട് സർജറികൾ, 93 കാർഡിയാക് കത്തീറ്ററൈസേഷൻ, 256 ഡയാലിസിസ് സെഷനുകൾ, അഞ്ച് എൻഡോസ്കോപ്പിക് നടപടിക്രമങ്ങൾ, 149 ശസ്ത്രക്രിയകൾ എന്നിവ നടന്നതായി മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ വ്യക്തമാക്കി. വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനാൽ 400 തീർഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഈ കാലയളവിൽ ഒരു യുവതിയുടെ പ്രസവം നടന്നതായും അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വെർച്വൽ ആശുപത്രിയുടെ ഉപയോഗത്തിലൂടെ നാല് സ്ട്രോക്ക് കേസുകൾ തിരിച്ചറിഞ്ഞു. കൂടാതെ 740-ലധികം തീർഥാടകർ 'സിഹത്തീ' ഹെൽത്ത് ആപ് വഴി ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചന നടത്തിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
മക്കയിലും മദീനയിലും ഹജ്ജ് കർമങ്ങൾ നടക്കുന്ന വിവിധ പ്രദേശങ്ങളിലും സൗദി അധികൃതർ 23 ആശുപത്രികൾ, 147 ക്ലിനിക്കുകൾ, 1,080 ഐ.സി.യു കിടക്കകൾ ഉൾപ്പെടെ 4,654 കിടക്കകളുള്ള 147 ക്ലിനിക്കുകൾ എന്നിവ തയാറാക്കിയിട്ടുണ്ട്. ശക്തമായ ചൂടുള്ള കാലാവസ്ഥയിലാണ് ഈ വർഷത്തെ ഹജ്ജ് നടക്കുന്നത്. അതിനാൽ ഉഷ്‌ണ കാലാവസ്ഥയിൽ പ്രയാസപ്പെടുന്ന തീർഥാടകർക്കായി പ്രത്യേക സംവിധാനത്തോടെ 230 കിടക്കകൾ നീക്കിവെക്കാനും ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലകളിൽ വിവിധ സേവനങ്ങൾക്കായി 25,000 സേവകരടങ്ങുന്ന സുസജ്ജമായ ഒരു ടീം തന്നെ ഹജ്ജ് സീസണിൽ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ മേഖലകളിൽ തീർഥാടകർക്കായി ഇതിനകം രംഗത്തിറങ്ങിയതായും അധികൃതർ അറിയിച്ചു.