സൗദി സ്ഥാപക ദിന മാർച്ച്; അണിനിരന്ന് 4800ലധികം കലാകാരന്മാർ
text_fieldsസാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച മാർച്ചിന്റെ മുൻനിര
റിയാദ്: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം റിയാദിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തത് 4,800ൽ അധികം കലാകാരന്മാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ സൈനിക പരേഡ്, ജനകീയ കലാപ്രകടനങ്ങൾ, സൗദി പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അവിഷ്കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു മാർച്ച്.
ആഭ്യന്തര മന്ത്രാലയവും അതിന്റെ സുരക്ഷ വിഭാഗവും ചേർന്ന് ‘ത്യാഗം’ എന്ന പേരിൽ അവതരിപ്പിച്ച സൈനിക സംഗീത പരിപാടി സൗദി രാഷ്ട്രം സ്ഥാപിതമായതുമുതൽ നിലനിൽക്കുന്ന സുരക്ഷയുടെ സന്ദേശം വിളംബരം ചെയ്യുന്നതായി. 'സ്ഥാപക മാർച്ചി'ൽ അണിനിരന്ന അലങ്കരിച്ച എട്ടു വാഹനങ്ങൾ രാജ്യത്തിന്റെ സ്വത്വവുമായി അടുത്ത ബന്ധമുള്ള മൂന്നു നൂറ്റാണ്ട് നീണ്ട സംസ്കാരത്തിന്റെ സവിശേഷതകൾ വിളിച്ചോതുന്നതായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ വിഭാഗം സംഗീത പ്രകടനത്തിൽ അണിനിരന്ന വനിതകൾ
ആകർഷകമായി രൂപകൽപന ചെയ്ത 'അൽ നഖീൽ' എന്ന 'കൃഷിവണ്ടി'യായിരുന്നു ഒന്നാമത്തേത്. നടുവിൽ മണ്ണിനാൽ ചുറ്റപ്പെട്ട ഈന്തപ്പനകളും അതിന്മേൽ ഈത്തപ്പഴ വിളവെടുപ്പ് നടത്തുന്ന കർഷകരും അതിനുചുറ്റും ഈത്തപ്പഴ കൂടകൾ ചുമന്നുനിൽക്കുന്ന ഒരു കൂട്ടം സ്ത്രീകളുമായിരുന്നു. നൗകയുടെ രൂപത്തിൽ മുത്തുച്ചിപ്പികൾ കൊണ്ട് അലങ്കരിച്ച രണ്ടാമത്തെ വാഹനം രാജ്യത്തിന്റെ സമുദ്ര സമ്പത്തിനെ പ്രതിനിധാനംചെയ്തു. മത്സ്യബന്ധന വല സ്ഥാപിക്കപ്പെട്ട നൗകയ്ക്ക് ചുറ്റും നാവിക വേഷധാരികൾ കാവൽ നിന്നു.
ഈത്തപ്പഴത്തിന്റെയും കഹ് വ എന്ന അറബ് കാപ്പിയുടെയും മാതൃകകൾ സ്ഥാപിച്ചതായിരുന്നു മാർച്ചിൽ അണിനിരന്ന മൂന്നാമത്തെ വാഹനം. ഭീമൻ പരവതാനി വിരിച്ച നാലാമത്തെ വാഹനം നെയ്ത്തിനെയും വീണയും തംബുരുവും പ്രദർശിപ്പിച്ച അഞ്ചാമത്തെ വാഹനം സൗദി സംഗീതത്തെയും പ്രതിനിധാനം ചെയ്തു. പാരമ്പര്യ വേഷത്തിൽ വാദ്യ സംഗീതക്കാർ അതിന് അകമ്പടി സേവിച്ചു.
ആറാമത്തെ വാഹനം അറബിക് കാലിഗ്രഫിക്ക് വേണ്ടിയുള്ളതായിരുന്നു. അറേബ്യൻ കുതിരകളുടെ അഴകും ഗരിമയും വിളിച്ചോതുന്ന 'കുതിരവണ്ടി'യായിരുന്നു ഏഴാമത്തേത്. അവസാന വണ്ടി രാജ്യത്തിന്റെ പ്രകൃതി വൈവിധ്യവും രാജ്യത്തെ മരുപ്പച്ചകളുടെ ഭംഗിയും വിളിച്ചോതുന്നതായിരുന്നു. മാർച്ച് കാണാൻ ആയിരങ്ങളാണ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡിനിരുവശവും അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

